തൊടുപുഴ: പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട് കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന 'ബോധപൗർണമി' ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കുമാരമംഗലം എം.കെ.എൻ.എം ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കൊച്ചിൻ ഷിപ്പ്‌യാർഡുമായി സഹകരിച്ച് നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ഷിപ്പ്‌യാർഡ് ഡയറക്ടർ കം ഓഡിറ്റ് ചെയർമാൻ അഡ്വ. ബി. രാധാകൃഷ്ണമേനോൻ നിർവഹിക്കും. വിദ്യാർത്ഥികളിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരായ ബോധവത്കരണ ക്യാമ്പയിന്റെ ആദ്യഘട്ടം വിജയപ്രദമായതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. തിരഞ്ഞെടുക്കുന്ന സ്‌കൂളുകളിൽ പ്രത്യേക ബോധവത്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ച് ലഹരിയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് പദ്ധതി. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് പദ്ധതിയിൽ കേരളകൗമുദിയുമായി കൈകോർക്കുന്നത്. സെമിനാറിൽ പി.ടി.എ പ്രസിഡന്റ് ആർ. ബിനു അദ്ധ്യക്ഷത വഹിക്കും. കൊച്ചിൻ ഷിപ്പ്‌യാർഡ് ഡെപ്യൂട്ടി മാനേജർ (സി.എസ്.ആർ) യൂസഫ് എ.കെ മുഖ്യാതിഥിയാകും. ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിൻഡ സിബിൻ, പഞ്ചായത്ത് മെമ്പർ കെ.ജി. സിന്ധുകുമാർ, ജില്ലാ ഷട്ടിൽ ബാറ്റ്മിന്റൻ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ. എസ്. അജി, സ്‌കൂൾ ഹെഡ്മാസ്റ്റർ എസ്. സാവിൻ എന്നിവർ ആശംസകളർപ്പിക്കും. സിവിൽ എക്സൈസ് ഓഫീസർ സിനോജ് വി ആർ ക്ളാസ് നയിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് സ്വാഗതവും സ്‌കൂൾ സീനിയർ അസിസ്റ്റന്റ് പി.ടി. സുധാകരൻ നന്ദിയും പറയും.