doll
സ്റ്റാലിൻ അദ്ഭുത പാവയ്ക്കൊപ്പം

തൊടുപുഴ: സ്റ്രാലിൻ ഗോപിനാഥൻ മജിഷ്യൻ ആണ്. പക്ഷേ, ഗോപിനാഥൻ നിർമ്മിച്ച 'യന്തിരൻ രാജു' വെറും മാജിക്കല്ല! പത്താം ക്ളാസ് വിദ്യാഭ്യാസമേ ഉള്ളൂവെങ്കിലും, കണ്ടുപിടിത്തങ്ങൾ കൊണ്ട് നേരത്തെയും നാട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട് ഗോപിനാഥൻ എന്ന മജിഷ്യൻ പി.ജി.എസ് മാൻഡ്രേക്ക്. കൂട്ടത്തിൽ ലേറ്റസ്റ്റ് ആയ യന്തിരൻ തന്നെ മിടുക്കനെന്ന് രാജുപ്പാവയുടെ ഡയലോഗ് കേൾക്കുന്ന ആരും പറയും.

ഏതു ചോദ്യത്തിനും ഗോപിനാഥന്റെ യന്ത്രപ്പാവ കൃത്യമായി മറുപടി പറയും. പാടും, തമാശ പറയും...! കൈകൊണ്ട് പാവയുടെ വായ ചലിപ്പിച്ച്, അവതാരകൻ തന്നെ ചുണ്ടനക്കാതെ സംസാരിക്കുന്ന തട്ടിപ്പുവിദ്യയല്ല ഗോപിനാഥന്റേത്. സ്റ്റാലിന്റെ തൊണ്ടയുടെ കമ്പനത്തിനനുസരിച്ചാണ് പാവയുടെ സംസാരം. അവതാരകനും പാവയും തമ്മിൽ ഒരു ഇലക്ട്രിക് വയറിന്റെ ബന്ധം മാത്രം. പാവയുടെ ചുണ്ടനക്കം കൃത്യം, ശബ്ദം വ്യക്തം. മാജിക് ഉപകരണങ്ങൾ ഡിസൈൻ ചെയ്ത് വിൽക്കാറുള്ള സ്റ്റാലിൻ ഒന്നരവർഷം കൊണ്ടാണ് യന്ത്രപ്പാവ നിർമ്മിച്ചത്. ചെലവ് 10,000 രൂപ.

സ്വന്തമായി ചെറുവിമാനം നിർമിച്ച് പ്രശസ്തനായ മൂകനും ബധിരനുമായ സജി തോമസിന്റെ നാട്ടുകാരനും സുഹൃത്തുമാണ് തൊടുപുഴ തട്ടക്കുഴ കൊല്ലപ്പുഴ സ്വദേശി സ്റ്രാലിൻ ഗോപിനാഥൻ. സജി തോമസിന്റെ വിമാനത്തിന് എൻജിൻ ജോലികളിലടക്കം സഹായിയായി സ്റ്റാലിനുമുണ്ടായിരുന്നു. സ്വിച്ചിട്ടാൽ തെങ്ങിൽ കയറി തേങ്ങിയിടുന്ന യന്ത്രം, വിത്തു വിതയ്ക്കുന്ന യന്ത്രം, വായുവിൽ സ്വയം കറങ്ങുന്ന ഗ്ലോബ്.... ഇതൊക്കെ സ്റ്റാലിന്റെ കണ്ടുപിടിത്തങ്ങളിൽ ചിലതു മാത്രം. ഇവയ്ക്ക് പേറ്റന്റ് എടുക്കുന്നതിലൊന്നും സ്റ്റാലിന് വിശ്വാസമില്ല.

അൻപത്തിയെട്ടുകാരനായ സ്റ്റാലിൻ തകരഷീറ്റു മേഞ്ഞ വീട്ടിലാണ് താമസം. ഭാര്യ ചിത്രയ്ക്ക് സ്വകാര്യ സ്ഥാപനത്തിൽ ചെറിയ ജോലിയുണ്ട്. മക്കൾ അപർണയും അനുപമയും വിവാഹിതർ. അടുത്തിടെ ഇടുക്കിക്കാർ നിർമിച്ച 'മൂന്നാംപ്രളയം' എന്ന സിനിമയിൽ സ്റ്റാലിൻ വേഷമിട്ടിട്ടുണ്ട്. ഇനി ഒരു രഹസ്യം കൂടി. സ്റ്റാലിൻ എന്നത് ഗോപിനാഥന്റെ ഇരട്ടപ്പേരല്ല. ഒറിജിനൽ പേര് സ്റ്റാലിൻ ഗോപാനിഥാൻ എന്നു തന്നെ!