ചെറുതോണി: ആർ.സി.ഇ.പി. കരാറിൽ നിന്നുമുള്ള താല്ക്കാലിക പിൻമാറ്റം ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്നത് ക്ഷീരമേഖലയ്ക്കാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. വാത്തിക്കുടി യൂണിറ്റ് ക്ഷീരകർഷകസംഗമവും നാരകക്കാനം ആപ്‌കോസ് കെട്ടിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങൾ വ്യാവസായിക അടിസ്ഥാനത്തിലാണ് ക്ഷീരോത്പാദനം നടത്തുന്നത്. ഇന്ത്യയിൽ കാർഷിക ഉപതൊഴിൽ മാത്രമാണ് ക്ഷീരോത്പാദനം. ക്ഷീരോത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉല്പാദന ചെലവ് കുറയ്ക്കുന്നതിനും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടലുകളുണ്ടാകണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റ്യൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജ സി. കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ജില്ലബ്ലോക്ക്ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസമ്മ സാജൻ, ടിന്റു സുഭാഷ്, എൽസമ്മ ലൂക്കോസ്, മരിയാപുരം ബാങ്ക് പ്രസിഡന്റ് അഗസ്റ്റ്യൻ ദേവസ്യ, സഹകരണവകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാർ എസ്.ഷേർളി, ക്ഷീരോത്പാദക അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.ഷേർളി എന്നിവർ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.
മാത്യു ജോർജ്ജ് സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു. രാവിലെ നടന്ന കന്നുകാലി പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലജ ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബിനാഷ് തോമസ്, ബെന്നി ആനിക്കാട്ട് എന്നിവർ പ്രസംഗിച്ചു. ക്ഷീരവികസന സെമിനാറിൽ എ.സി.റെജികുമാർ ക്ലാസ് നയിച്ചു.