തൊടുപുഴ: സംസ്ഥാന സർക്കാരിനും ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ തൊടുപുഴയിൽ സംഘടിപ്പിച്ച കെ.എസ്. കൃഷ്ണപിള്ള ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത് തെറ്റായ നടപടിയാണ്. മാവോയിസ്റ്റുകൾ ഇപ്പോൾ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. അവരോട് സി.പി.ഐയ്ക്ക് അശേഷം സ്‌നേഹമില്ല. എന്നാൽ പൊലീസിന് തോക്കു കൊടുത്തിരിക്കുന്നത് ആളുകളെ വെടിവെച്ചു കൊല്ലാനല്ല. ഇരുതല മൂർച്ചയുള്ള വാളാണ് പൊലീസ്. അവർക്ക് എന്തിനും അംഗീകാരം കൊടുത്താൽ എല്ലാം തകർക്കും. ദൈവത്തിന്റെ പേര് പറയാതെ ആളെ കിട്ടില്ലാത്ത സാഹചര്യമായതിനാലാണ് ബി.ജെ.പിയും കോൺഗ്രസും ശബരിമല വിഷയം ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കുതിര കച്ചവടം നടത്തി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ്. രാജ്യത്തെല്ലാം വിറ്റു മുടിക്കുന്ന ഭരണാധികാരികൾക്കെതിരെ പ്രതിരോധം തീർക്കാൻ കഴിയാത്ത വിധം രാജ്യത്തെ കോൺഗ്രസ് ദുർബലമായെന്നും പന്ന്യൻ പറഞ്ഞു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് ജ്യോതി സൂപ്പർ ബസാറു വരെ പ്രകടനമായെത്തിയാണ് പൊതുസമ്മേളനം ആരംഭിച്ചത്. സംഘാടകസമിതി ചെയർമാൻ കെ. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, മാത്യു വർഗീസ്, പി.പി. ജോയി, വി.ആർ. പ്രമോദ്, ഗീതാ തുളസീധരൻ, പി.ജി. വിജയൻ, സുനിൽ സെബാസ്റ്റ്യൻ, അഡ്വ. എബി ഡി. കോലോത്ത്, മുഹമ്മദ് അഫ്‌സൽ, പി.കെ. പുരുഷോത്തമൻ നായർ എന്നിവർ പ്രസംഗിച്ചു.