തൊടുപുഴ: ജനാധിപത്യത്തെ വിലയ്ക്കു വാങ്ങാവുന്ന വിൽപന ചരക്കാക്കി ബി.ജെ.പി മാറ്റിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ് പറഞ്ഞു. സി.പി.എം നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച കെ.എസ്. കൃഷ്ണപിള്ളയുടെ 70-ാമത് രക്തസാക്ഷി ദിനാചരണത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരെയും എം.പിമാരെയും കോടികൾ നൽകി വിലയ്‌ക്കെടുത്താണവർ ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ആർ.എസ്.എസ് പ്രചാരകനായ ഗവർണറാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ അട്ടിമറികൾക്ക് കൂട്ടുനിന്നത്. കേന്ദ്രഭരണത്തിന്റെ പിൻബലത്തോടെ രാഷ്ട്രപതിയെ ഉപയോഗിച്ചാണ് മഹാരാഷ്ട്രയിൽ ഭരണം പിടിക്കാൻ ബി.ജെ.പി നാണംകെട്ട കളിക്കിറങ്ങിയത്. ഇടതുപക്ഷത്തെ ഒരാളെ പോലും വിലയ്ക്ക് എടുക്കാമെന്ന് ചിന്തിക്കാനുള്ള ധൈര്യം ബി.ജെ.പിക്കില്ല. ഇതാണ് കമ്യൂണിസ്റ്റുകാരന്റെ വില. എണ്ണത്തിൽ കുറവായിരിക്കാമെങ്കിലും രാഷ്ട്രീയമൂല്യങ്ങളെയും നിലപാടുകളെയും ഉയർത്തിപ്പിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. എന്നാൽ, കോൺഗ്രസുകാർ ജയിച്ചലും ബി.ജെ.പിക്ക് പ്രശ്‌നമില്ല. അവരെ വിലയ്‌ക്കെടുക്കാമെന്ന് ബി.ജെ.പിക്ക് ബോദ്ധ്യമുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി അദ്ധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ സ്വാഗതവും ഏരിയാ കമ്മിറ്റിയംഗം ടി.ആർ. സോമൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ഏരിയാ കമ്മിറ്റിയംഗങ്ങളായ എം. കുമാരൻ, കെ.എം. ബാബു, കെ.ആർ. ഷാജി എന്നിവർ പങ്കെടുത്തു. കെ.എസ്. കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കി തൊടുപുഴ, കരിമണ്ണൂർ, മൂലമറ്റം ഏരിയകളിൽ സി.പി.എം നേതൃത്വത്തിൽ ഉജ്ജ്വലറാലിയും പൊതുസമ്മേളനവും നടന്നു. ആയിരങ്ങൾ പങ്കാളികളായി.