തൊടുപുഴ: തൊടുപുഴ - മൂലമറ്റം സംസ്ഥാന പാതയിലെ വഴി വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളായി. ഇതോടെ ബുദ്ധിമുട്ടിലായ നാട്ടുകാരും യാത്രക്കാരും തദ്ദേശ സ്ഥാപനങ്ങളിലെയും കെ.എസ്.ഇ.ബി യിലെയും അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. എം. പിയുടെയും എം. എൽ. എയുടെയും പ്രാദേശിക ആസ്‌തി വികസന ഫണ്ടിൽ നിന്നും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് വൻ ആർഭാടത്തോടെയാണ് പ്രധാന കവലകളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
തൊടുപുഴ - മൂലമറ്റം റോഡിന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലെ തെളിയാത്ത വഴിവിളക്കിനും വൈദ്യുതി ബോർഡിന് കൃത്യമായി പണം അടച്ച് വരുന്നുണ്ടെന്നതാണ് മറ്റൊരു വിരോധാഭാസം. രണ്ട് മാസം കൂടുമ്പോൾ ഓരോ പഞ്ചായത്തും 15000 രൂപയിലേറെ വഴിവിളക്കിനായി കെ. എസ്. ഇ. ബി യിൽ അടയ്ക്കുന്നുണ്ട്. എന്നാൽ വിളക്കുകൾ കത്തുന്നില്ലെന്ന് മാത്രം. വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് കാൽനടയാത്രക്കാർക്ക് ആശ്വാസം. വ്യാപാര സ്ഥാപനങ്ങൾ പൂട്ടുന്നതോടെ കാൽ നടക്കാർക്ക് രാത്രിയിൽ സഞ്ചരിക്കണമെങ്കിൽ ടോർച്ചോ മെഴുകുതിരിയോ കൈയിൽ കരുതണമെന്ന അവസ്ഥയാണ്.
കുളമാവു മുതൽ കാഞ്ഞാർ വരെയുള്ള അറക്കുളം പഞ്ചായത്തിലെ 19 കിലോമീറ്ററിനുള്ളിൽ നാല് വഴി വിളക്കുകൾ മാത്രമാണ് ഇപ്പോൾ തെളിയുന്നത്. ഇതിൽ ഒരു വിളക്ക് അറക്കുളത്തെ ഒരു വീട്ടുടമ തന്റെ വീടിനു മുന്നിൽ സ്വന്തമായി വാങ്ങി സ്ഥാപിച്ചതാണ് എന്നതാണ് രസകരം.
അറക്കുളം അശോക കവലയിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് വിളക്കിലെ 6 ബൾബുകളിൽ രണ്ടെണ്ണം മാത്രമാണ് തെളിയുന്നത്. കാഞ്ഞാറിലെ ഹൈമാസ്റ്റ് വിളക്കിൽ ഒരു ബൾബ് മാത്രമാണ് തെളിയുന്നത്. കുടയത്തൂരിലും മുട്ടത്തുമുള്ള ഹൈമാസ്റ്റ് വിളക്കുകളാകട്ടെ ചില ദിവസം മാത്രം തെളിയും. വഴിവിളക്കുകൾ കത്താതായതോടെ പലപ്രദേശങ്ങളിലും മോഷണം പതിവായിരിക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നവർക്കും ഇത് വലിയ സൗകര്യമാണ്.
തൊടുപുഴ - മൂലമറ്റം റോഡിന്റെ
പരിധിയിലെ തദ്ദേശ സ്ഥാപനങ്ങൾ
1.തൊടുപുഴ നഗരസഭ. 2.കരിങ്കുന്നം പഞ്ചായത്ത്. 3.മുട്ടം പഞ്ചായത്ത്. 4.കുടയത്തൂർ പഞ്ചായത്ത്. 5. അറക്കുളം പഞ്ചായത്ത്.