തൊടുപുഴ : ഇടപാടുകാർക്ക് കൂടുതൽ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന വിവിധ ബാങ്കുകളുടെ ഏ ടി എം കൗണ്ടറുകൾ പലയിടത്തും ദുരിതം സമ്മാനിക്കുന്നു. ചില എടിഎമ്മുകൾ തുറക്കാറില്ല, ചിലതിന്റെ പ്രവർത്തനം നിലച്ചു അങ്ങനെപോകുന്നു പരാതികൾ, സഹകരണ മേഖലയിലേയും പൊതുമേഖലയിലേയും ഉൾപ്പടെ വിവിധ ബാങ്കുകളുടെ നൂറോളം ഏ ടി എം കൗണ്ടറുകളാണ് തൊടുപുഴ നഗരസഭ പരിതിയിൽ തന്നെ സ്ഥാപിച്ചിരിക്കുന്നത്.കൂടാതെ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുളള ഗ്രാമീണ മേഖലകളിലായിട്ട് വിവിധ ബാങ്കുകളുടെ ആയിരത്തോളം ഏ ടി എം കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക സ്ഥിതീകരണം.ഇവയെല്ലാം നഗരത്തിന്റെ ചുറ്റുവട്ടങ്ങളിലും ചെറു ടൗണുകളിലും റോഡിന്റെ വശങ്ങളിലുമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നതും.ചിലയിടങ്ങളിൽ ഒരു കെട്ടിടത്തിനകത്ത് ഒന്നിലേറെ ബാങ്കുകളുടെ ഏ ടി എം കൗണ്ടറുകൾ ഒരുമിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്.മറ്റ് ചിലയിടങ്ങളിൽ ഒരു മുറിക്കകത്ത് തന്നെ ഒന്നിലേറെ ബാങ്കുകളുടെ ഏ ടി എം കൗണ്ടറുകൾ ഒരുമിച്ച് സ്ഥാപിച്ചിട്ടുമുണ്ട്.

ബാങ്ക് ഇടപാടുകാർക്ക് ബാങ്കിൽ നേരിട്ട് ചെന്ന് ഇടപാടുകൾ നടത്താതെ ലളിതമായ പ്രക്രിയയിലൂടെ പണം പിൻവലിക്കാനുളള സൗകര്യം, ബാങ്കിലുണ്ടാവുന്ന തിരക്കുകൾ ഒഴിവാക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് വിവിധ ബാങ്കുകൾ എ ടി എം സംവിധാനം ആവിഷ്ക്കരിച്ചത്.എന്നാൽ എ ടി എം പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള പരാതികൾ കൂടുകയാണ്.

പ്രശ്നങ്ങൾ

*ചില എ ടി എം കൗണ്ടറിൽ ആവശ്യത്തിന് പണം ഉണ്ടാകില്ല.

*ചിലയിടങ്ങളിൽ ആഴ്ചകളായിട്ട് പ്രവർത്തനം നിലച്ചിട്ടുണ്ട്.

*ചില ബട്ടണിൽ ഞെക്കുമ്പോൾ തെറ്റായ വിവരങ്ങളാണ് തെളിയുന്നത്.

*ഇടപാടുകൾ സംബന്ധിച്ചുള്ള സ്ലിപ്പുകൾ കിട്ടാതെ വരുന്നു.

*പണം പിൻവലിക്കാൻ കൂടുതൽ സമയം എടുക്കുന്നു.

*ഒരേ ബാങ്കിന്റെ വിവിധ സ്ഥലങ്ങളിലുള്ള എ ടി എം ന്റെ പ്രവർത്തനങ്ങൾ വ്യത്യസ്തങ്ങളാണ്.

"ഓരോ ബാങ്കിന്റെയും എ ടി എം സംബന്ധിച്ചുള്ള പരാതികൾ അതാത് ബാങ്കുകൾ തന്നെയാണ് പരിഹരിക്കേണ്ടത്. ജില്ലയിൽ എ ടി എം സംബന്ധിച്ചുള്ള പരാതികൾ ശ്രദ്ധയിൽ വന്നട്ടില്ല. ഏതെങ്കിലും ബാങ്കിന്റെ എ ടി എം കൗണ്ടർ സംബന്ധിച്ച് പരാതി ലീഡ് ബാങ്കിന് ലഭിച്ചാൽ പരിഹരിക്കാൻ അതാത് ബാങ്കുകൾക്ക് നിർദേശം നൽകും."

ജി.രാജ ഗോപാലൻ

ലീഡ് ബാങ്ക് മാനേജർ