മറയൂർ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേത്യത്വത്തിൽ പ്രത്യേക കേന്ദ്ര സഹായ പദ്ധതി പ്രകാരം ഗോത്രവർഗ്ഗ കോളനികളിൽ കൃഷി ചെയ്യുന്നതിനായി ഊരുകൂട്ടങ്ങൾക്ക് കാർഷിക ഉപകരണങ്ങളുടെ വിതരണം നടന്നു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ വിതരണോദ്ഘാടനം നടത്തി. മറയൂർ, കാന്തല്ലൂർ വട്ടവട പഞ്ചായത്തുകളിലെ ആദിവാസി കോളനിയിലെ ഊരുകൂട്ടങ്ങൾക്കാണ് 11.28 ലക്ഷം രൂപയുടെ കാട് വെട്ട് യന്ത്രങ്ങളും ട്രില്ലറുകളും വിതരണം നടത്തിയത്. മറയൂർ പഞ്ചായത്തിൽ പെരിയകുടി, കവക്കുടി,കുത്ത് കല്ല് കുടി, നെല്ലിപ്പെട്ടി, ഈച്ചാംപ്പെട്ടി, ആലാം പ്പെട്ടി, കാന്തല്ലൂർ പഞ്ചായത്തിലെ തീർത്ഥമല ,കണക്കയം, വട്ടവട പഞ്ചായത്തിലെ സ്വാമിയറള, കൂടല്ലാർകുടി, പരശ്ശിക്കാവ് കുടി എന്നീ ഊരുകൂട്ടങ്ങൾക്കാണ് ഉപകരണങ്ങൾ ലഭിച്ചത്. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഹെൻട്രി, പഞ്ചായത്തംഗങ്ങളായ ജോമോൻ തോമസ്, ദീപ അരുൾ ജ്യോതി ,നാഗരാജ്, ശാന്തി മാരി, ശരണ്യരാജ്, ആനന്ദൻ, കുടി കാണിമാർ എന്നിവർ സന്നിഹിതരായിരുന്നു.