തൊടുപുഴ: 'യുവതലമുറയ്ക്ക് ലഹരി വേണോ...?" സിവിൽ എക്‌സൈസ് ഓഫീസർ സിനോജ് വി.ആർ വിദ്യാർത്ഥികളോട് ചോദിച്ചു. വേണ്ടെന്ന് ഒറ്റക്കെട്ടായി മറുപടി. പക്ഷേ, വേണമെന്നായി സിനോജ്. 'ജീവിതം തന്നെയാകണം നമ്മുടെ ലഹരി. പഠനവും കളിയും വിദ്യാർത്ഥികൾക്ക് ലഹരിയായി മാറണം." നിറഞ്ഞ കരഘോഷം. പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട് കേരളകൗമുദിയും കൊച്ചിൻ ഷിപ്പ്‌യാർഡും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന 'ബോധപൗർണമി' ക്യാമ്പയിന്റെ ഭാഗമായി കുമാരമംഗലം എം.കെ.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ബോധവത്കരണ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ കാട്ടാളത്തത്തിൽ നിന്ന് യുവതലമുറയെ രക്ഷിക്കണം. ലഹരി ബുദ്ധിയും ഓർമശക്തിയും ഇല്ലാതാക്കുന്നതടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലഹരി വസ്തുക്കളോട് നാം 'നോ" പറയാൻ പഠിക്കണമെന്നും സിനോജ് പറഞ്ഞു. ക്ലാസിന് ശേഷം വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. വിദ്യാർത്ഥികളിൽ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരായ ബോധവത്കരണ ക്യാമ്പയിന്റെ ആദ്യഘട്ടം വിജയപ്രദമായതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. തിരഞ്ഞെടുക്കുന്ന സ്‌കൂളുകളിൽ പ്രത്യേക ബോധവത്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ച് ലഹരിയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് പദ്ധതി.