തൊടുപുഴ: മദ്യപിച്ച് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ. പാലാ ഡിപ്പോയിലെ ഡ്രൈവർ അയർക്കുന്നം നീറിക്കാട്ട് പുതുക്കുട്ടിശേരിയിൽ സുരേഷ് ഏബ്രഹാമാണ് (52) പിടിയിലായത്. കോട്ടയം- തൊടുപുഴ റൂട്ടിലോടുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസിലെ ഡ്രൈവറാണ് സുരേഷ്. ഇന്നലെ രാവിലെ 8.20നായിരുന്നു സംഭവം. തൊടുപുഴയിലേക്കു വരികയായിരുന്നു ബസിന്റെ വരവ് കണ്ട് സംശയം തോന്നി ട്രാഫിക് എസ്.ഐ ടി.എം. ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നഗരത്തിൽ ഗാന്ധി സ്‌ക്വയർ ഭാഗത്ത് ബസ് കൈ കാണിച്ചു നിറുത്തി. ആൽക്കോ മീറ്റർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടുള്ളതായി കണ്ടെത്തി. തുടർന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ട്രാഫിക് എസ്.ഐ എ.ടി.ഒയെ വിവരമറിയിച്ചതിനെ തുടർന്ന് മറ്റൊരു ഡ്രൈവറെ വിട്ടാണ് ബസ് തുടർന്ന് സർവീസ് നടത്തിയത്. ഇയാളുടെ ലൈസൻസ് റദ്ദു ചെയ്യുന്നതിനും നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ട്രാഫിക് എസ്.ഐ ടി.എം. ഇസ്മായിൽ പറഞ്ഞു.
അപകടങ്ങൾ പതിവ്
ട്രാൻസ്‌പോർട്ട് ബസുകൾ അപകടത്തിൽപ്പെടുന്നത് അടുത്തിടെ വളരെയേറെ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധന കർശനമാക്കിയത്.
കഴിഞ്ഞദിവസം മടക്കത്താനത്ത് ലോറിയുടെ പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ബസിടിച്ചെങ്കിലും ഭാഗ്യത്തിന് ആർക്കും പരിക്കേറ്റില്ല. മലങ്കയ്ക്കും ഒളമറ്റത്തിനുമിടയ്ക്ക് അമിതവേഗത്തിൽ ബസ് ഓടിച്ചതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ മുട്ടം പൊലീസ് കേസെടുത്തിരുന്നു.