ajil

ചെറുതോണി: ബിരുദ വിദ്യാർത്ഥിയെ വീടിന് സമീപമുള്ള കൊക്കോമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പുന്നയാർ കളിയീക്കൽ അജിൽ ബാബു(21)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. സഹോദരൻ അജയ് സ്‌കുളിലും പിതാവ് ബാബുവും അമ്മ സാലിയും തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. നാലരയോടെ അമ്മ സാലി വീട്ടിലെത്തിയപ്പോൾ മകൻ എഴുതിവച്ചിരുന്ന കത്ത് കണ്ടു. കത്തിൽ തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലന്നും സ്വമേധയാ മരിക്കുകയാണന്നും അനിയനോട് മാതാപിതാക്കളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സാലി കത്ത് വായിച്ച് അലമുറയിട്ടതിനെ തുടർന്നെത്തിയ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് അജിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. കഞ്ഞിക്കുഴി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് കത്തിപ്പാറത്തടം യാക്കോബായ പള്ളിയിൽ. അജിൽ രാജമുടിയിലുള്ള സ്വകാര്യ കോളജിലെ ബിരുദ വിദ്യാർത്ഥിയാണ്. ബുധനാഴ്ച നടന്ന പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടികൂടുകയും താക്കീത് നൽകുകയും ചെയ്തിരുന്നതായി സഹപഠികൾ പറയുന്നു. ഈ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.