രാജാക്കാട്: ജൈകൃഷിയിൽ മാതൃകയായി നിന്ന് കാർഷിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ ഇടുക്കി പൊന്മുടി ഇടവരമ്പേൽ തോമസിന് സംസ്ഥാന കൃഷിവകുപ്പിന്റെ അംഗീകാരം. സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കർഷകനുള്ള
പുരസ്‌കാരമാണ് തോമസി(60)നെ തേടിയെത്തിയത്. സംസ്ഥാന കൃഷിവവകുപ്പിന്റെ ഇത്തവണത്തെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കുടിയേറ്റ കാർഷിക മേഖലയായ ഇടുക്കിയ്ക്കും മികച്ച നേട്ടമാണ് കൈവരിക്കാനായത്. ജൈവ കൃഷി പരിപാലനത്തിനൊപ്പം മികച്ച
ഉൽപ്പാദനം ലഭിക്കുന്ന ഇടവരമ്പേൽ ഗോൾഡെന്ന ജാതി ഉൽപ്പാദിപ്പിച്ച് കർഷകർക്കെത്തിച്ച് നൽകിയതടക്കമുള്ള കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഇത്തവണത്തെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്. പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം പൊലീസിൽ സെലക്ഷൻ കിട്ടി എന്നാൽ കൃഷിയോട് ഏറെ താൽപര്യമുള്ള തോമസ് അമ്മയുടെ നിർദ്ദേശ പ്രകാരം തനിക്ക് ലഭിച്ച പൊലീസ് ഉദ്യോഗം ഉപേക്ഷിച്ച് സജീവമായി കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. കൃഷി വെറുതേ ചെയ്താൽ പോരാ കാലാവസ്ഥയും മറ്റ് മാറ്റങ്ങളും കണ്ടറിഞ്ഞ്
ഏത് സാഹചര്യത്തിലും ലാഭകരമായി തന്നെ ചെയ്യണം അതുകൊണ്ട് തന്നെ പ്രകൃതി സൗഹൃദമായ ജൈവ കൃഷിരീതിയാണ് തോമസ് അവലംബിക്കുന്നത്. മേൽമണ്ണ് കിളച്ചിളക്കാതെ കൃത്യമായ തണല് നിലനിർത്തിയിരിക്കുന്നതിനാൽ തോമസിന്റെ കൃഷിയിടത്തിൽ കുരുമുളകും കാപ്പിയും കൊക്കോയും ജാതിയും എല്ലാംകത്തുന്ന വെയിലിലും നനവെത്തിക്കാതെ പച്ചപ്പിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. കൃഷിയിടത്തിൽ നിരവധിയായ തേനീച്ചപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.
കൃഷിപരിപാലനത്തിന് വേണ്ട സഹായങ്ങളുമായി ഒപ്പമുള്ളത് ഭാര്യ ഗ്രേസ്സിയാണ്. കൃഷി എന്നത് പ്രകൃതിയുടെ സംരക്ഷണം കൂടിയാണ് ആ സന്ദേശം മുറുകെ പിടിച്ച് കൃഷിയിൽ മുമ്പോട്ട് പോയാൽ മറ്റേത് ജോലിയിൽ നിന്നുംലഭിക്കുന്നതിനേക്കാൾ വരുമാനം കണ്ടെത്താൻ കഴിയും അതിന് തെളിവാണ് തോമസ് എന്ന ഈ കർഷകന്റെ കൃഷിയിടം.