aneesa
സ്വർണ്ണം നഷ്ടപ്പെട്ട ഇളംദേശം മലയപറമ്പിൽ അനീസ പൊലീസ് സ്റ്റേഷനിൽ

തൊടുപുഴ: സ്വകാര്യബസിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ ബാഗിൽ നിന്നുംഇരുപത് പവന്റെ സ്വർണാഭരണങ്ങൾ നഷ്ടമായി. സംഭവത്തെ തുടർന്ന് ബസിലെ മുഴുവൻ യാത്രക്കാരെയും തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇളംദേശം മലയപറമ്പിൽ അനീസ(28)യുടെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. വീട്ടിൽ വച്ചാൽ സുരക്ഷിതമല്ലെന്നതിനാൽ സ്വർണ്ണം കൈവശം കൊണ്ടുപോരുകയായിരുന്നു.ഇന്നലെ വൈകിട്ട് 5.30 ഓടെ തൊടുപുഴ ഇളംദേശം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. അനീസ ഇന്നലെ രാവിലെ ഭർത്തൃഗൃഹമായ ഇളംദേശത്തു നിന്നും മലങ്കരയിൽ താമസിക്കുന്ന മാതാപിതാക്കൾക്കൊപ്പം കോലഞ്ചേരി മെഡിക്കൽ കോളേജിൽ പോയി തൊടുപുഴയിൽ തിരികെയെത്തി ഇളംദേശത്തേയ്ക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. യുവതി ഇളയ കുട്ടിയുമായി കുമ്മംകല്ലിൽ നിന്നും ബസിൽ കയറി. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നതിനാൽ ഇരിക്കാൻ സീറ്റു കിട്ടിയിരുന്നില്ല. മീൻമുട്ടി എത്തിയപ്പോഴാണ് ബാഗ് തുറന്നു കിടക്കുന്നതായി കണ്ടതും പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായി മനസിലായതും. ഉടൻ തന്നെ സമീപത്തു നിന്നെ യാത്രക്കാരോടും ബസുകാരെയും വിവരം അറിയിച്ചു. തുടർന്ന്പൊലീസിനെ അറിയിക്കാൻ ആവശ്യപ്പെട്ട് ബസ് ജീവനക്കാർ യുവതിയെയും കുഞ്ഞിനെയും മീൻമുട്ടി ഇഷ്ടികക്കളത്തിന് സമീപത്തു ഇറക്കി. മാതാപിതാക്കളെ യുവതി വിവരം അറിയിച്ചുതിനെത്തുടർന്ന് ഇവർ ബന്ധുക്കളുമായി എത്തുമ്പോഴേയ്ക്കും ആലക്കോട് വെച്ച് വിവരം അറിഞ്ഞ നാട്ടുകാർ ബസ് തടഞ്ഞിട്ടു. യുവതിയേയും കൂട്ടി മാതാപിതാക്കളും ബന്ധുക്കളും വീണ്ടും ഇവിടെയയെത്തി. മോഷണം നടന്ന ശേഷം പരിശോധന നടത്താതെ യുവതിയെ ഇറക്കി വിട്ട് വാഹനം മുന്നോട്ടു പോയതിനെതിരെ ബസ് ജീവനക്കാർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നു. ഇതിനിടയിൽ തൊടുപുഴയിൽ നിന്നും സി.ഐയുടെ നേതൃത്വത്തിൽപൊലീസ് സംഘം സ്ഥലത്തെത്തി ബസിന്റെ ഷട്ടറുകൾ താഴ്ത്തി മുഴുവൻ യാത്രക്കാരുമായി തൊടുപുഴപൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവന്നു. സ്ത്രീകളും വിദ്യാർത്ഥികളും അടക്കം 80 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു.യാത്രക്കാരെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് 7.15 ഓടെയാണ് ബസ് സ്റ്റേഷനിൽ നിന്നും വിട്ടത്. മാലയും വളയും മോതിരവും കുട്ടികളുടെ പാദസരവും അടക്കം 20 ഓളം പവന്റെ ആഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ഇളംദേശത്തെ വീട്ടിൽ അടച്ചുറപ്പില്ലാത്തതിനാലാണ് യാത്രയ്ക്കിടയിൽ ഇവ ബാഗിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് മേഖലയിലെ സി.സി ടിവി മറ്റു വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി തൊടുപുഴ സി.ഐ സജിവ് ചെറിയാൻ പറഞ്ഞു.