തൊടുപുഴ: മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കേരളത്തിലെ കഴിഞ്ഞ ആറുമാസത്തിലധികമായുള്ള വേതനകുടിശ്ശിക ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉറപ്പ് നല്കിയതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. തൊഴിലുറപ്പ് മേഖലയിൽ 23.47 ലക്ഷത്തോളം പേർ ജോലി ചെയ്യുന്ന കേരളത്തിൽ കഴിഞ്ഞ മാർച്ച് മാസം മുതൽ വിദഗ്ധ തൊഴിലാളികളുടെ മെറ്റീരിയൽ പേയ്മന്റ് 186 കോടി രൂപയും അവിദഗ്ധ തൊഴിലാളി കളുടെ വേതനം 764 കോടി രൂപയും കുടിശ്ശികയായിരിക്കുന്ന പശ്ചാത്തലത്തിൽ ഗ്രാമവികസന മന്ത്രിയെ ഡീൻ കുര്യാക്കോസ് എം.പി. നേരിൽ കണ്ട് കത്ത് നൽകുകയായിരുന്നു. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നിൽക്കുന്ന ഇടുക്കി ജില്ലയിൽ മാത്രം 2.06 ലക്ഷത്തിലധികം ആളുകൾ തൊഴിലുറപ്പ് ജോലി ചെയ്യവെ കഴിഞ്ഞ ജൂലായ് മാസം മുതൽ 59 കോടി അവിദഗ്ധതൊഴിലാളികൾക്കും 15.86 കോടി വിദഗ്ധ തൊഴിലാളികൾക്കും വേതന കുടിശ്ശിക നൽകാനുണ്ട്. ഈ വിഷയം നേരത്തേ ലോക്സഭയുടെ ശൂന്യവേളയിൽ എം.പി. സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.