തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ മൂന്നാമത് സംസ്ഥാന നാടകോത്സവം ഇന്ന് മുതൽ അഞ്ച് വരെ വൈകിട്ട് ഏഴിന് തൊടുപുഴ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ അഞ്ച് പ്രമുഖ പ്രൊഫഷണൽ നാടക സമിതികളെ പങ്കെടുപ്പിച്ചു കൊണ്ട് നാടകോത്സവത്തിന്റെ ഉദ്ഘാടനം ഒന്നിന് വൈകിട്ട് അഞ്ചിന് സ്വാഗതംസംഘം ചെയർമാൻ കെ.എം. ബാബുവിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി, മുനിസിപ്പൽ കൗൺസിലർ ലൂസി ജോസഫ് എന്നിവർ സംസാരിക്കും. തുടർന്ന് ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന 'നളിനാക്ഷന്റെ വിശേഷങ്ങൾ'. രണ്ടിന് രാത്രി ഏഴിന് കൊല്ലം അയനം അവതരിപ്പിക്കുന്ന 'ഇത് ധർമ്മ ഭൂമിയാണ് '. മൂന്നിന് കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി'. നാലിന് പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന 'ജീവിതം മുതൽ ജീവിതം വരെ'. അഞ്ചിന് വൈകിട്ട് 5.30ന് സമാപന സമ്മേളനം. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് രാജീവ് പുഷ്പാംഗദൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ, മുനിസിപ്പൽ കൗൺസിലർ ഷേർളി ജയപ്രകാശ് എന്നിവർ സംസാരിക്കും. തുടർന്ന് തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന 'യാത്രകൾ തീരുന്നിടത്ത്' എന്ന നാടകം അവതരിപ്പിക്കും. വാർത്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, സെക്രട്ടറി ഷാജുപോൾ, അജയ്‌തോമസ്, മുഹമ്മദ് നജീബ് എന്നിവർ പങ്കെടുത്തു.