pig
കോവിൽക്കടവ് ടൗണിലിറങ്ങിയ കാട്ടുപന്നി വ്യാപാരസ്ഥാപനത്തിനുള്ളിൽ

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്


മറയൂർ: വനത്തിനുള്ളിൽ നിന്നും കോവിൽക്കടവ് ടൗണിലിറങ്ങി ജനവാസ കേന്ദ്രങ്ങളിലൂടെ പാഞ്ഞു നടന്ന കാട്ടുപന്നി അരമണിക്കൂർ ഭീതിപരത്തി. വൈകുന്നേരം മൂന്നരയോടെയാണ് കോവിൽക്കടവിന് സമീപത്തുള്ള കരിമ്പിൻ തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന ആനക്കാൽപ്പെട്ടി സ്വദേശി ഈശ്വരന്റെ നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ തുരത്തിയതിനാൽ നിസ്സാര പരിക്കുകളോടെ കർഷകനായ ഈശ്വരൻ രക്ഷപ്പെട്ടു.
കരിമ്പിൻ തോട്ടത്തിൽ നിന്നും പിന്നീട് ജനവാസ കേന്ദ്രങ്ങളിലൂടെ കോവിൽക്കടവ് ടൗണിലെത്തിയ കാട്ടുപന്നി ഓട്ടോറിക്ഷ- ടാക്സി സ്റ്റാന്റിലുള്ള പലചരക്ക് സ്ഥാപനമായ ശേഖർ സ്റ്റോറിലേക്ക് പാഞ്ഞുകയറി ഈ സമയം കടക്കൂള്ളിൽ ഉണ്ടായിരുന്ന സൂര്യ (18) പരിക്കേറ്റെങ്കിലും ഓടി രക്ഷപ്പെട്ടു. ടൗണിനുള്ളിലെ കടക്കുള്ളിൽ കാട്ടുപന്നികയറിയ വിവരം അറിഞ്ഞതിനെ തുടർന്ന് നിരവധിപേർ വ്യാപാര സ്ഥാപനത്തിന് മുന്നിൽ തടിച്ചുകൂടി നാട്ടുകാർ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും വനപാലകർ എത്തുന്നത് കാത്തിരിക്കുന്ന സമയം അക്രമാസക്തനായ കാട്ടുപന്നി പുറത്ത് കൂടിന്നിന്നവരുടെ ഇടയിലേക്ക് ഓടികയറിയപ്പോൾഅവിടെയുണ്ടായിരുന്ന നിസാർ എന്ന യുവാവിന് പരിക്കേറ്റു. കോവിൽക്കടവ് ടൗണിലൂടെ ഓടിയ പന്നി എതിരെ വന്ന സെൽവകുമാറിന്റെ ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് ഇടിച്ച് മഡ്ഗാർഡ് തകർത്തു . ചീറിപാഞ്ഞ പന്നിയുടെ ആക്രമണത്തിൽ നിന്നും പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അരമണിക്കൂറോളം ഭീതിപരത്തിയ കാട്ടു പന്നി പിന്നീട് വനമേഖലക്കുള്ളിലേക്ക് ഓടിമാറി.