നെടുങ്കണ്ടം: ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്നു.വീട്ടിലുണ്ടായിരുന്ന മൂന്ന് വയസുകാരൻ സഹിതം അത്ഭുതകരമായി രക്ഷപ്പെട്ടു.ആളയപായമില്ല. കോമ്പയാർ ആശാൻപടി തിയാനിക്കൽ തോമസിന്റെ വീട്ടിന്റെ മുകളിലേയ്ക്കാണ് വെളളിയാഴ്ച രാത്രി 8.45 മണിയോടെ വീട്ടുമുറ്റത്ത് നിന്നവൻ പ്ലാവ് കടപുഴകി വീണത്. ഈ സമയത്ത് വീട്ടുടമ തോമസ് ഭാര്യ എൽസമ്മ മകൻ സിജു, കൊച്ചുമകൻ അഡോൺ സോജി (3) എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നു. മരം വീണതിന്റെ ശക്തിയിൽ വീടിന്റെ ഭിത്തി വിണ്ടുകൂറികയും അടിത്തറ ഇളകുകയും ചെയ്തു. അടിത്തറ തകർന്നതോടെ വീട് എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാമെന്ന അവസ്ഥയിലുമായി. പാറത്തോട് വില്ലേജ് ഓഫീസർ പ്രദീപ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരൻ,വാർഡ് മെമ്പർ ജോയി, മന്ത്രി എം.എം മണിയുടെ ഓഫീസ് സ്റ്റാഫ് രജ്ഞിത് രവി, എന്നിവർ വീട് സന്ദർശിച്ചു.