health

വീടുകളിൽ നിന്നുംമറ്റും പലവിധ കാരണങ്ങളാൽ ശരീരത്തിൽ പൊള്ളലേൽക്കാനുള്ള സാദ്ധ്യതകളുണ്ട്. ഇവയിൽ പലതും നിസാരമായിരിക്കും. എങ്കിലും ശരീരത്തിൽ പൊള്ളലേൽക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ പലരും അജ്ഞരാണ്. എന്നാൽ, ഏറെ കരുതൽ ആവശ്യമായ ഒന്നാണ് തീപ്പൊള്ളൽ.

തീ, രാസവസ്തുക്കൾ, വൈദ്യുതി, റേഡിയേഷൻ, ചൂടുള്ള ദ്രാവകങ്ങൾ, തിളച്ച എണ്ണ, ആവി എന്നിവയിൽ നിന്നെല്ലാം പൊള്ളലേൽക്കാം. തീവ്രത അനുസരിച്ചാണ് അടിയന്തര ചികിത്സ ആവശ്യമാണോയെന്ന് നിശ്ചയിക്കേണ്ടത്. ചിലപ്പോൾ ചർമത്തിൽ ആഴത്തിൽ പൊള്ളലേൽക്കുകയോ അവയവങ്ങളെ ബാധിക്കുകയോ ചെയ്യാം.

പൊള്ളലേറ്റാൽ ആദ്യം തീയുടെ അടുത്തുനിന്ന് രോഗിയെ മാറ്റുക. വസ്ത്രങ്ങളിൽ തീ പടർന്നുവെങ്കിൽ അവ നീക്കണം. എന്നാൽ, പൊള്ളിയ ഭാഗത്ത് പറ്റിപ്പിടിച്ച വസ്ത്രങ്ങൾ ഇളക്കാൻ ശ്രമിക്കരുത്. പൊള്ളലേറ്റ ഭാഗങ്ങളിൽ നല്ലവണ്ണം വെള്ളമൊഴിക്കണം. നനവ് ഉണങ്ങിയശേഷം രോഗാണുനാശകമായ എന്തെങ്കിലും ക്രീം പുരട്ടി തുറന്നിടുകയോ അധികം മുറുക്കാതെ ബാൻഡേജ് കെട്ടുകയോ ചെയ്യാം.

ആഴത്തിലുള്ള തീപ്പൊള്ളലാണെങ്കിൽ വീക്കം, ചുവപ്പുനിറം, വേദന എന്നിവയ്ക്കു പുറമേ തൊലിപ്പുറത്ത് കുമിളകൾ ഉണ്ടാകും. ശരീരത്തിലെ കൂടുതൽ ഭാഗങ്ങളിൽ പൊള്ളലേൽക്കുകയാണെങ്കിൽ ജലാംശം നഷ്ടപ്പെടാം. പൊള്ളലേറ്റ ഭാഗത്ത് ധാരയായി വെള്ളമൊഴിക്കുന്നത് ഗുണകരമാകും. പൊള്ളലേറ്റ ഭാഗം അനക്കാതിരിക്കണം. ഗൗരവമുള്ള ആഴമേറിയ തീപ്പൊള്ളലിൽ രോഗിക്ക് വേദനയോ കുമിളയോ വീക്കമോ ഒന്നും ഉണ്ടാവാറില്ല.

ചർമം പരുപരുത്തതും നിറവ്യത്യാസമുള്ളതും കരിഞ്ഞതുപോലെയും വട്ടംകെട്ടിയതുപോലെയും കാണപ്പെടുന്നു. ശരീരത്തിൽനിന്ന് വളരെയധികം ജലാംശം നഷ്ടപ്പെടുന്നതിനാൽ രോഗി മരിക്കാനും ഇടയുണ്ട്. രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കണം.

രോഗിയെ ഭയപ്പെടുത്താതിരിക്കാനും കിടത്തുമ്പോൾ പൊള്ളിയ ഭാഗം നിലത്തുതട്ടാതിരിക്കാനും ശ്രദ്ധിക്കുക.

രോഗിയുടെ അവസ്ഥ ഗുരുതരമാണെങ്കിൽ വെള്ളമൊഴിച്ച് സമയം കളയരുത്. അധികം തണുത്തവെള്ളമോ ഐസ് വെള്ളമോ, വളരെ കൂടുതൽ വെള്ളമോ ഒഴിക്കുന്നത് ചിലപ്പോൾ രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കാനുമിടയുണ്ട്.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്.

ഫോൺ 9544657767.