peethambaran-periya-murd

കാസർകോട്: കല്യോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരൻ ഉൾപ്പെടെ 11 പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും കുറ്റപത്രം അടക്കമുള്ള ഫയലുകൾ കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

കേസിന്റെ മുഴുവൻ ഫയലുകളും എറണാകുളത്തെ സി.ബി.ഐ കോടതിക്ക് കൈമാറിയതോടെ തുടർനടപടികളെല്ലാം ജില്ലാ കോടതി അവസാനിപ്പിച്ചു. നേരത്തേ ഈ കേസിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ജില്ലാ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അടക്കമുള്ള രേഖകളാണ് സി.ബി.ഐക്ക് കൈമാറിയത്. ഇനി കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലായിരിക്കും. സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരൻ, സജി ജോർജ്, കെ.എം. സുരേഷ്, കെ. അനിൽ കുമാർ, അശ്വിൻ എന്ന അപ്പു, ആർ. ശ്രീരാഗ്, ജി. ഗിജിൻ, പ്രദീപ്, സുബീഷ്, മുരളി, മണി എന്നിവരാണ് ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നത്.