midhun

കണ്ണൂർ: സന്തോഷ് ട്രോഫിയുടെ സോണൽ മത്സരങ്ങൾക്ക് നാളെ കോഴിക്കോട് വേദിയാകുമ്പോൾ നായകൻ വി. മിഥുന്റെ വിശ്വസ്ത കരങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് കേരളം. വിവിധ ടൂർണമെന്റുകളിൽ മാസ്മരികമായ പ്രകടനങ്ങളിലൂടെ ഗോൾവല കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി മിഥുൻ എതിരാളികളുടെ നീക്കങ്ങളെ പ്രതിരോധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഫുട്‌ബാൾ പ്രേമികൾ.

മുഴപ്പിലങ്ങാട് ബീച്ചിൽ പന്തുതട്ടി വളർന്ന മിഥുൻ ആറാം തവണയാണ് സന്തോഷ് ട്രോഫി ടീമിൽ ഇടം പിടിക്കുന്നത്.
പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2018 സീസണിൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയതിന് പിന്നിൽ പോസ്റ്റിന് മുന്നിൽ മിഥുൻ നടത്തിയ മിന്നും പ്രകടനത്തിന് നിർണായക പങ്കുണ്ട്.
കൊൽക്കത്തയിൽ നടന്ന വാശിയേറിയ ഫൈനലിൽ ബംഗാളിനെ തോൽപിച്ചായിരുന്നു കേരളത്തിന്റെ കിരീട ധാരണം. ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിന്റെ ആദ്യ രണ്ട് കിക്കുകളും പ്രതിരോധിച്ചാണ് മിഥുൻ കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ചത്. ഈ പ്രകടനത്തിലൂടെ ആ വർഷത്തെ കേരള ഫുട്‌ബാളർ ഒഫ് ദി ഇയർ പുരസ്‌കാരത്തിനും മിഥുൻ അർഹനായി.
മുഴപ്പിലങ്ങാട് എച്ച് .എസ് .എസിൽ പഠിക്കുന്ന സമയത്ത് സ്‌കൂൾ ടീമിലും തുടർന്ന് എസ്.എൻ. കോളേജ് ടീമിലും അംഗമായിരുന്നു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടറും കണ്ണൂർ ജില്ലാ പൊലീസ് താരവുമായ മുഴപ്പിലങ്ങാട് കൂറുംബക്കാവിനടുത്ത മയൂരിയിൽ വി.മുരളിയുടെയും മുഴപ്പിലങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ മഹിജയുടെയും മൂത്തമകനായ മിഥുൻ എസ്.ബി. ഐ തിരുവനന്തപുരം ശാഖയിൽ ഉദ്യോഗസ്ഥനാണ്. ജോബിനയാണ് ഭാര്യ.

ഇത്തവണ പിടിക്കണം: മിഥുൻ

കേരളാ ടീമിന്റെ ക്യാപ്ടനാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.ഇത്തവണ സന്തോഷ് ട്രോഫി നേടാനാകുമെന്നാണ് പ്രതീക്ഷ. നല്ല പരിശീലനം നേടിയിട്ടുണ്ട്. ഒത്തിണക്കമുള്ള ടീമാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും കൂടിയാകുമ്പോൾ വിജയം ഞങ്ങളോടൊപ്പമുണ്ടാകുമെന്നാണ് കരുതുന്നത്.
കളിക്കാരിൽ അധികവും പുതുമുഖങ്ങളാണെങ്കിലും എല്ലാവരും നല്ല പരിശീലനം നേടിയവരാണ്. അതുകൊണ്ട് തന്നെ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ.