കാഞ്ഞങ്ങാട്: ജീവിതദുരിതങ്ങളെ അതിജീവിക്കാൻ പ്രക്ഷോഭ പാതയിലേക്കിറങ്ങുന്ന ജനങ്ങളുടെ സംഘടിതശക്തിയെ തകർക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കം ഗൗരവത്തിൽ കാണണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു. വ്യാപാരഭവനിൽ കെ.എം.എസ്.ആർ.എ സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രതിരോധത്തിൽ വിറളിപൂണ്ടവർ കടുത്ത ജനദ്രോഹനയങ്ങളുമായി മുന്നോട്ടു പോവുകയാണ്. നികുതിവെട്ടിപ്പുകാരെയും ബാങ്ക് വായ്പാ തട്ടിപ്പുകാരെയും പിടികൂടി ജയിലിലടയ്ക്കുന്നതിനുപകരം അവരെ സഹായിക്കുന്ന നടപടികളാണ് സ്വീകരിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.