തൃക്കരിപ്പൂർ: സുരക്ഷാ സംവിധാനമൊന്നുമില്ലാതെ പ്രധാന പാതയോരത്ത് വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ. തൃക്കരിപ്പൂർ ടൗണിന് പരിസരത്തെ ഓവുചാലിനു സമീപത്താണ് കമ്പിവേലിക്ക് പകരം ചുവപ്പു നാട കെട്ടിത്തിരിച്ച നിലയിൽ ട്രാൻസ്ഫോർമർ നിലകൊള്ളുന്നത്.

തങ്കയം മുക്കിൽ നിന്നുവരുന്ന റോഡിൽ തൃക്കരിപ്പൂർ ടൗണിൽ പ്രവേശിക്കുന്നതിന് ഏതാനും മീറ്റർ അകലെയാണ് 11 കെ.വി. ലൈനുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ വൈദ്യുതി വിതരണ സംവിധാനം തുറന്നു കിടക്കുന്നത്. വീതി കുറഞ്ഞ ഈ റോഡിൽക്കൂടി ഒരേ സമയത്ത് ഇരു ഭാഗത്തേക്കും വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ ട്രാൻസ്ഫോർമർ മുട്ടിയുരുമ്മിയാണ് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കേണ്ടി വരുന്നത്. ഇത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.

വാഹനങ്ങളിൽ നിന്ന് അപകടമില്ലാതിരിക്കാൻ അറിയാതെ റോഡരികിലേക്ക് മാറുകയോ കൈ വീശുകയോ മറ്റോ ചെയ്യുമ്പോൾ ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കേബിളുകളിലോ ഫ്യൂസുകളിലോ മറ്റോ തട്ടിയാൽ വൻ അപകടമാണുണ്ടാവുക.

കമ്പിവേലി ഉണ്ടായിരുന്നു

തൃക്കരിപ്പൂർ ടൗണിലും പരിസരങ്ങളിലും വൈദ്യുതി വിതരണം ചെയ്യുന്ന ഈ ട്രാൻസ്‌ഫോർമർ നേരത്തെ റോഡിൽ നിന്നും പത്തു മീറ്ററോളം ദൂരത്താണ് ഉണ്ടായിരുന്നത്. പിന്നീടാണ് കമ്പിവേലിയുടെ സുരക്ഷാവലയത്തിനുള്ളിലാക്കി റോഡരികിലേക്ക് മാറ്റിയത്. എന്നാൽ റോഡിനു തൊട്ടുകിടക്കുന്ന വേലി നിരന്തരമായി വാഹനങ്ങൾ തട്ടിയും മുട്ടിയും തകർന്നതോടെയാണ് ചുവന്നനാട കൊണ്ട് വേലി തീർത്തത്.

വൈദ്യുതി വകുപ്പിന്റെ ശ്രദ്ധ ഈ വിഷയത്തിൽ പതിയണം. അടിയന്തര നടപടികൾ സ്വീകരിക്കണം.

നാട്ടുകാർ