ചെറുവത്തൂർ: ഗ്രാമപഞ്ചായത്തുകൾ എല്ലാ മേഖലയിലും സ്വയംപര്യാപ്തയിലേക്ക് വളരണമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പടുവളം എസ്.ജി.എസ്.വൈ ഹാളിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ ഗുണനിലവാര പ്രഖ്യാപനവും വയോജന സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതികൾക്ക് ഗുണപരമായ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പവർഫുൾ ഗ്രാമ പഞ്ചായത്ത് തന്നെയാണ്. വിവിധ തരം നികുതി പിരിക്കുന്നതിനും ഒരു പ്രദേശത്തിന്റെ വികസനത്തിനുള്ള പദ്ധതികൾ രൂപകല്പന ചെയ്ത് നടപ്പിലാക്കാനുമുള്ള അധികാരം പഞ്ചായത്ത് ഭരണസമിതിയിൽ നിക്ഷിപ്തമാണ്. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ക്രമമായ പുരോഗതിയിലേക്കുള്ള കുതിപ്പിനുള്ള ഊർജമായി ഐ.എസ്.ഒ സർട്ടിഫിക്കറ്റിനെ വിലയിരുത്താമെന്ന് മന്ത്രി പറഞ്ഞു.
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് മഹേഷ് കുമാറിനെ അനുമോദിക്കലും സംസ്ഥാന സർക്കാരിന്റെ മികച്ച പി.ടി.എയ്ക്കുള്ള രണ്ടാം സ്ഥാനം നേടിയ പാടിക്കീൽ ഗവൺമെന്റ് യു.പി.സ്‌കൂളിനുള്ള അനുമോദനവും നടന്നു. ചടങ്ങിൽ എം.രാജഗോപലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അരുൺ ആമുഖപ്രസംഗം നടത്തി. കൃഷി ഓഫീസർ കെ. അലേശൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ അവാർഡ് വിതരണം ചെയ്തു. മുൻ എം.എൽ.എ കുഞ്ഞിരാമൻ സാക്ഷ്യപത്രം വിതരണം ചെയ്തു.
പിലിക്കോട് ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ ഗുണനിലവാര പ്രഖ്യാപനവും വയോജന സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് മന്ത്രി ഇ. ചന്ദ്രശേഖരൻ സംസാരിക്കുന്നു.