കണ്ണൂർ: മരുന്നിലും സുഗന്ധദ്രവ്യങ്ങളിലും ചേരുവയായ യൂക്കാലിപ്‌റ്റസും കർപ്പൂരവും അളവിൽ കൂടുതലായി ഉപയോഗിക്കരുതെന്നും ബാമിലും ഇൻഹേലറുകളിലും ഈ പ്രശ്നമുണ്ടെന്നും ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം തലവൻ ഡോ. തോമസ് മാത്യു പറഞ്ഞു. ഇവയുടെ അമിതമായ ഉപയോഗം അപസ്മാരത്തിന് വരെ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണൂരിൽ നടന്ന ന്യൂറോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ അർദ്ധവാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുവദനീയമായ 11 ശതമാനത്തിനു പകരം 30 ശതമാനം വരെയാണ് യൂക്കാലിപ്‌റ്റസ് ഓയിൽ പല ബാമുകളിലും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനം ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ഡോ. കെ.ടി സുഹാസ്, ചെയർമാൻ ഡോ. ജിതേന്ദ്രനാഥ്, ഡോ. ഇ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
തലച്ചോറിലെ ശസ്ത്രക്രിയ ചെയ്യാൻ ഏറ്റവും പ്രയാസമുള്ള ഇൻസുലയെ കുറിച്ച് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജോർജ് സി. വിളനിലം സംസാരിച്ചു. എസ്.യു.ടി ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. അജിത്ത് ലംബാർ സ്‌പൈൻ താക്കോൽ ദ്വാര ശസ്ത്രക്രിയയെക്കുറിച്ചും, കുട്ടികളിലെ ന്യൂറോ സർജറിയെപ്പറ്റി അമൃത ആശുപത്രിയിലെ ഡോ. യു. സുഹാസും സംസാരിച്ചു. ചികിത്സകൾ സാദ്ധ്യമായ മറവി രോഗങ്ങളെക്കുറിച്ച് ഡോ. എസ്.ആർ. ചന്ദ്രയും വിറയൽ രോഗത്തെക്കുറിച്ച് ഡോ. മീനാക്ഷി സുന്ദരവും വിശദീകരിച്ചു.
പടം...കണ്ണൂരിൽ നടന്ന ന്യൂറോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ അർദ്ധവാർഷിക സമ്മേളനത്തിൽ ഡോ. തോമസ് മാത്യു സംസാരിക്കുന്നു