കണ്ണൂർ: അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ കേരളം നടുങ്ങിനിൽക്കെ, കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് സി.പി.എം പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത് നൽകുന്ന മുന്നറിയിപ്പും സൂചനയും ആരിലേക്കാണെന്ന് സംശയം ഉയരുന്നു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ ഏറ്റവുമധികം പ്രതിഷേധവുമായി രംഗത്തുവന്നത് ഡി.വൈ.എഫ്.ഐയിലെ സാധാരണ പ്രവർത്തകരായ സൈബർ പോരാളികളാണ്. മാവോയിസ്റ്റ് ആശയങ്ങളിലേക്ക് യുവാക്കളുടെ ഒഴുക്ക് ഉണ്ടാകുമെന്ന് മണത്തറിഞ്ഞ പൊലീസിന്റെ തന്ത്രമാണോ വിവാദമായ യു.എ.പി.എ ചുമത്തി, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവിൽ അറസ്റ്റ് ചെയ്തതെന്നാണ് സംശയം ഉയരുന്നത്. ഇങ്ങനെ വരുമ്പോൾ ഇത്തരം പ്രതിഷേധങ്ങളും ആശയപ്രചാരണങ്ങളും നിൽക്കുമെന്ന കണക്കുകൂട്ടലിലാകാം പൊലീസിനെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നാണ് ചില ഭാഗങ്ങളിൽ നിന്നുയരുന്ന വിമർശനം. എന്നാൽ, അറസ്റ്റ് ഉയർത്തിയ പ്രതിഷേധം ശക്തമായതോടെ മുഖം രക്ഷിക്കാനുള്ള നീക്കം നടത്തുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായാണ് യു.എ.പി.എ ചുമത്തിയത് പുന:പരിശോധിക്കാനുള്ള നീക്കം നടത്തുന്നത്.
നേരത്തെ മലപ്പുറം നിലമ്പൂർ വനത്തിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടപ്പോൾ ഉണ്ടായ പ്രതിഷേധം വഴിമാറ്റി വിടാൻ അന്നും പൊലീസ് ഇതേ തന്ത്രം പയറ്റിയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്ത് ശ്രദ്ധ വഴിതെറ്റിക്കാനുള്ള ശ്രമമായിരുന്നു അന്ന് നടത്തിയത്. ഈ അറസ്റ്റിനെക്കാൾ വലിയ പ്രതിഷേധമാണ് പന്തീരാങ്കാവ് അറസ്റ്റും അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോഴും ഉയർന്നുവന്നത്. സർക്കാരിനേയും സി.പി.എമ്മിനേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്. 'മാവോയിസ്റ്റുകൾ ഉയർത്തുന്ന ആശയവും സ്വപ്നവും തന്നെയല്ലേ മറ്റൊരർത്ഥത്തിൽ നമ്മളും കാണുന്നത്. ഏറ്റവും വലിയ മാവോ വാദിയായ ചെഗുവേരയെ പാർട്ടി തള്ളിപ്പറയുമോ?, ചെഗുവേരയുടെ ചിത്രം പതിച്ച ടീ ഷർട്ടുകളും, വാഹനങ്ങളും ഉപയോഗിക്കുന്ന സഖാക്കളുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിങ്ങളുടെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലലടയ്ക്കുമോ തുടങ്ങി രൂക്ഷമായ വിമർശനങ്ങളാണ് സൈബർ ഇടങ്ങളിൽ ഉയരുന്നത്.
സി.പി.ഐ ഉൾപ്പെടെയുള്ള കക്ഷികളുടെ പ്രതിഷേധം ശക്തമായതോടെ സി.പി.എമ്മും സർക്കാരും പ്രതിരോധത്തിലായിരുന്നു. ഇതോടെ നടപടി പുന:പരിശോധിക്കാൻ പൊലീസ് നിർബന്ധിതമായിരിക്കുകയാണ്. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ കർശന നിർദേശമാണ് പൊലീസിന് നൽകിയിരിക്കുന്നത്. താൻ അറിയാതെയുള്ള വിവാദ നടപടിയിൽ പൊലീസ് മേധാവിയോട് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചിരുന്നു. സി.പി.എമ്മിനുള്ളിലും ഇക്കാര്യത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.