കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്ന് ഒരു വീട്ടമ്മയുടെ കത്ത് ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂരിനെ തേടിയെത്തി. അദ്ഭുതത്തോടെയാണ് അദ്ദേഹം അതു പൊട്ടിച്ചു നോക്കിയത്. കുട്ടിക്കാലത്തോ മറ്റോ ആണ് അവസാനമായി ഒരു ഇൻലൻഡ് കിട്ടിയത്. സമൂഹമാദ്ധ്യമങ്ങൾ അരങ്ങു തകർക്കുന്ന കാലത്ത് ഇങ്ങനെയൊരു ഇൻലൻഡ് സന്തോഷ് പ്രതീക്ഷിച്ചതേയില്ല. കത്ത് തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്.
''ഫേസ് ബുക്കിലോ മറ്റു സാമൂഹ്യമാദ്ധ്യമങ്ങളിലോ തെരഞ്ഞാൽ നിങ്ങളുടെ നമ്പർ എളുപ്പം കിട്ടും. എന്നാൽ ഒരു ഫോൺ കാളിൽ ഒതുങ്ങുന്നതിലപ്പുറം നിങ്ങളോട് സംവദിക്കാൻ എഴുത്താണ് കൂടുതൽ ഉചിതമെന്നു തോന്നി. നിങ്ങളുടെ ഒറ്റയാൾ നാടകം കണ്ടപ്പോൾ കരയുകയല്ല ചെയ്തത്, കരളലിയുകയാണുണ്ടായത്. ഞങ്ങൾ അമ്മമാർക്ക് വേണ്ടി നിങ്ങൾ ഒരു നാടകം കളിച്ചല്ലോ? നിങ്ങളുടെ തൊണ്ടയിൽ നിന്നുയർന്ന വാക്കുകൾ കേരളത്തിന്റെ കാതുകളിലാണ് ചെന്നലച്ചത്. പതിനായിരക്കണക്കിന് അമ്മമാരുടെ നിലവിളികൾ കേരളത്തെ കേൾപ്പിച്ച ഈ കലാകാരന് അഭിനന്ദനങ്ങൾ.... " എന്നു പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
വാളയാറിലെ രണ്ട് പെൺകുട്ടികളുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ സന്തോഷ് കീഴാറ്റൂർ കഴിഞ്ഞയാഴ്ച കണ്ണൂർ നഗരത്തിലെ തെരുവിൽ അവതരിപ്പിച്ച ' കൊന്നതാണ് 'എന്ന സോളോ ഡ്രാമ കണ്ട നിരവധി പേർ പ്രതികരിച്ചത് ഇതേ ഭാഷയിലാണ്. യു ട്യൂബിലും മറ്റു മാദ്ധ്യമങ്ങളിലുമായി ഒരാഴ്ച കൊണ്ട് 50 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്.
സൂപ്പർഹിറ്റായി മാറിയ ആ നാടകത്തെ കുറിച്ച് സന്തോഷ് കീഴാറ്റൂർ പറയുന്നു. ഒരു നാടകം എന്ന നിലയിൽ ചെയ്തതല്ല അത്. കൊടുങ്ങല്ലൂരിലെ ഒരു ഷൂട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് വാളയാർ സംഭവത്തിൽ പ്രതികളെ കോടതി വെറുതേ വിട്ട സംഭവം അറിയുന്നത്. അപ്പോൾ തന്നെ മനസ് വല്ലാതെ പിടയുകയായിരുന്നു. നാടകത്തിനായി പ്രത്യേകം തയ്യാറെടുപ്പൊന്നുമുണ്ടായിരുന്നില്ല.ട്രെയിനിലിരുന്നാണ് നാടകം മനസിൽ ചിട്ടപ്പെടുത്തിയത്. ഈ സംഭവം കേട്ടയുടനെ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞു. ഞാൻ ഇങ്ങനെയൊരു നാടകം ചെയ്യുന്നുണ്ടെന്ന്. പിന്നെ എല്ലാവരും അതിനെ സ്വാഗതം ചെയ്തു. നാട്ടിലെത്തിയ ഉടൻ പിറ്റേന്ന് നേരെ കണ്ണൂരിലെ തെരുവിലേക്ക്.
അരങ്ങായി തെരുവ്
വാളയാർ സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധ പ്രളയം നിറയുമ്പോൾ ആ വഴിക്ക് പോകുന്നത് നല്ലതല്ലെന്ന് സ്വയം തോന്നി. അങ്ങനെയാണ് തെരുവ് തന്നെ വേദിയാക്കാൻ തീരുമാനിച്ചത്. ഇതു നമ്മുടെ അമ്മമാരും സഹോദരിമാരും രക്ഷിതാക്കളും എല്ലാം കാണണമെന്ന നിർബന്ധമായിരുന്നു. തെരുവാണ് എന്റെ അരങ്ങ്. അല്ലാതെ സമൂഹമാദ്ധ്യമങ്ങളല്ല. എന്നെ സ്വയം പ്രദർശിപ്പിക്കാൻ എനിക്ക് പി.ആർ ഏജൻസികളുമില്ല. അത്തരത്തിലൊരു ചിന്തയിൽ നിന്നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരം മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഒരു കിലോമീറ്റർ വരുന്ന ദൂരം ഒറ്റയാൾ നാടകത്തിന്റെ അരങ്ങായി മാറുന്നത്. പെൺമക്കളുണ്ടെങ്കിൽ ഒളിപ്പിച്ചുവച്ചോ എന്നു തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറിവിളിച്ച് കുഞ്ഞുടുപ്പുകൾ കൈയിലേന്തിയാണ് സ്ത്രീവേഷം കെട്ടിയ സന്തോഷ് തെരുവിലൂടെ അലഞ്ഞത്. വാളയാറിൽ മരിച്ച കുരുന്നുകളുടെ മൃതദേഹം ചാക്കിൽ ചുമന്ന് പ്രതീകാത്മകമായി സന്തോഷ് നടത്തിയ ഏകാങ്കനാടകം സമൂഹവും സമൂഹമാദ്ധ്യമവും ഒരൊറ്റ സ്വരത്തിൽ ഏറ്റെടുക്കുകയായിരുന്നു.
സത്യം പറയാൻ സ്ത്രീ വേഷം
സത്യം പറയാൻ സ്ത്രീവേഷം തന്നെയാണ് നന്നായി ഇണങ്ങുമെന്ന് തോന്നിയതിനാലാണ് അങ്ങനെ തിരഞ്ഞെടുത്തത്. മാത്രമല്ല അരങ്ങിൽ പെൺവേഷത്തിൽ എത്തിയ നടനുമാണ് ഞാൻ. അതുകൊണ്ടു തന്നെ സ്ത്രീകളുടെ വേദനയും സങ്കടങ്ങളും നന്നായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ അമ്മമാർക്കും പെൺകുഞ്ഞുങ്ങൾക്കും വേണ്ടിയായിരുന്നു ഈ സ്ത്രീ വേഷം. ശബരിമല വിഷയത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ എത്ര സ്ത്രീകളുണ്ടായിരുന്നു. എന്നാൽ വാളയാർ സംഭവത്തിൽ പ്രതിഷേധിക്കാൻ ആരെയും കാണുന്നില്ല. മലയാളിയുടെ കാപട്യമാണ് ഇതു വ്യക്തമാക്കുന്നത്. മറ്റുള്ളവരുടെ വിഷമത്തിൽ എന്തിനാണ് നമ്മൾ പ്രതികരിക്കുന്നത് എന്നതാണ് മലയാളിയുടെ ചിന്ത. നമ്മുടെ നാട് പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഒട്ടും സുരക്ഷിതത്വമില്ലാത്ത നാടായിരിക്കുന്നു, ഇതിനെതിരെ എല്ലാവരും ശബ്ദമുയർത്തേണ്ടതുണ്ട്.