sexual-abuse-

കണ്ണൂർ: ക്ഷേത്രദർശനത്തിന് പുറപ്പെട്ട മാനസിക വിഭ്രാന്തിയുള്ള അമ്മയെയും മകളെയും ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വിമുക്തഭടനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ജില്ലയിലെ ഏഴ് വയസുകാരിയുടെ പരാതിയിൽ കടന്നപ്പള്ളി ചന്തപ്പുരയിലെ ദേവികാസിൽ പി .ചന്ദ്രനെ(50)യാണ് പോക്‌സോ പ്രകാരം കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: മൂന്നാഴ്ച മുമ്പ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര ദർശനത്തിന് പുറപ്പെട്ടതായിരുന്നു ഏഴ് വയസുകാരിയും മാതാവും. പയ്യന്നൂർ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ സമയം വൈകി. ഈ സമയം അവിടെയെത്തിയ പ്രതി രാത്രി പറശ്ശിനിക്കടവിലേക്ക് ബസില്ലെന്ന് പറഞ്ഞ് ഇവരെ കണ്ണൂരിലെത്തിച്ച് ഒരു ടൂറിസ്റ്റ്‌ഹോമിൽ മുറിയെടുത്തു.

തിരിച്ചറിയൽ കാർഡിന് ഹോട്ടലിലെ ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ കാർഡൊന്നും കൈയിലില്ലെന്നും അമ്മയും മകളും പറഞ്ഞ കാര്യം ഇയാൾ ഹോട്ടലുകാരോട് പറയുകയും ചെയ്തു. മുറി ശരിയാക്കിക്കൊടുത്തശേഷം ചന്ദ്രൻ പോയി. ജീവനക്കാർ ഡ്യൂട്ടി മാറിയ സമയം ഹോട്ടലിലെത്തി മുറിയുടെ വാതിലിൽ മുട്ടി വിളിക്കുകയും മുറി തുറന്നയുടൻ ഇയാൾ അകത്തുകയറി വാതിലടക്കുകയും ചെയ്യുകയായിരുന്നു. അൽപസമയം അവിടെ ഇരുന്നശേഷം ഇവരെ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ കുട്ടി ബഹളം വെച്ചു. ഒടുവിൽ പ്രതി വാതിൽ തുറന്ന് ഓടിരക്ഷപ്പെട്ടു. ഈ കാര്യം അമ്മയും മകളും ഹോട്ടലുകാരോട് പറഞ്ഞില്ല. രാവിലെ ഹോട്ടലുകാർ ഇവർക്ക് തിരിച്ചുപോകാനാവശ്യമായ സഹായം ചെയ്തുകൊടുത്തു.

സ്‌കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപികമാർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. അവരെത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കാസർകോട് പൊലീസിൽ പരാതി നൽകി. സംഭവം നടന്നത് കണ്ണൂരിലായതിനാൽ കേസ് കണ്ണൂരിലേക്ക് മാറ്റി. തുടർന്ന് ഇവർ നൽകിയ രൂപസാദൃശ്യം വെച്ച് സി.ഐ.പ്രദീപൻ കണ്ണിപ്പൊയിൽ, എസ് .ഐ.ബാവിഷ്, സിവിൽ പൊലീസ് ഓഫീസർ സഞ്ജയ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിലെയും പയ്യന്നൂരിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ്

പ്രതിയെ അറസ്റ്റ് ചെയ്തത്.