collector-rakesh

ചന്തേര (കാസർകോട്): വീട്ടിലേക്കു കയറിവന്ന് ആശംസയുമായി കൈനീട്ടിയ അതിഥിയെക്കണ്ട അമ്പരപ്പ് ഒതുങ്ങിയപ്പോൾ വരൻ രാകേഷ് പറ‌ഞ്ഞു: വരുമെന്നു വിചാരിച്ചില്ല. വരന്റെ കൈപിടിച്ചു കുലുക്കി,​ ചുമലിൽ തട്ടി കളക്ടറും പറഞ്ഞു: വരാതിരിക്കാൻ തോന്നിയില്ല!

കല്യാണനാളിൽ പുലർച്ചെയിട്ട ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ തുടർച്ചയായിരുന്നു,​ പടിഞ്ഞാറേക്കരയിലെ ആട്ടോഡ്രൈവർ രാകേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ തീരുമാനം. കാരണം,​ ആ ക്ഷണക്കത്തിനൊപ്പം ഒരു സന്ദേശമുണ്ടായിരുന്നു: 'സാർ, ഇന്ന് എന്റെ വിവാഹമാണ്. ഞാൻ വിവാഹം കഴിക്കുന്നത്‌ ഭർത്താവ് മരിച്ച,​ ഏഴ് വയസുള്ള മകളുള്ള യുവതിയെയാണ്. സാർ വന്നിരുന്നെങ്കിൽ എനിക്കും കുടുംബത്തിനും സന്തോഷമായിരിക്കും.'

വിവാഹത്തിനു ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് എഴുതിയപ്പോൾ രാകേഷിന്റെ മനസിൽ ജില്ലാ കളക്ടറുടെ പേര് തീരെ ഉണ്ടായിരുന്നില്ല. വിവാഹനാൾ നേരം പുലർന്നപ്പോൾ, ക്ഷണിക്കാൻ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് വെറുതേയൊന്ന് ഓർക്കാൻ തോന്നി. ഓർത്തപ്പോൾ ഇങ്ങനെയും തോന്നി: ഈ കല്യാണം കളക്ടർ അറിയണം. അങ്ങനെയായിരുന്നു ഫേസ്ബുക്കിലെ ക്ഷണം.

അതിരാവിലെ അഞ്ചിന് ഉണരുന്നതാണ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ ശീലം. ഫയൽ നോക്കുന്നതിനിടെ, സേവ് ചെയ്യാത്ത ഏതോ നമ്പരിൽ നിന്ന് ഒരു സന്ദേശം. മെസേജ് തുറന്നപ്പോൾ കല്യാണക്കുറി. ഒപ്പം ഒരു കുറിപ്പും. പോകാതിരിക്കാൻ വയ്യാത്തതുകൊണ്ട് കളക്ടർ രാകേഷിന്റെ വീട് തേടിപ്പിടിച്ചു ചെന്നു.

ജില്ലാ കളക്ടർക്കൊപ്പം അതിഥികളുടെ സെൽഫി, നാട്ടുവർത്തമാനം... എല്ലാം കഴിഞ്ഞപ്പോൾ കളക്ടറുടെ വക ഫേസ്ബുക്കിൽ ഒരു പോസ്റ്റും.'നമ്മുടെ ജില്ല നേരിടുന്ന ചില സാമൂഹിക പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ കൂടിയാണ് രാകേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.'

ഭർത്താവ് ഉപേക്ഷിച്ചതോ ഭർത്താവ് മരിച്ചവരോ ആയി 46,488 സ്ത്രീകളുണ്ട് കാസർകോട് ജില്ലയിൽ. നഗരസഭാ പരിധിയിൽ മാത്രം 6553 സ്ത്രീകൾ. കാസർകോട്ടെ ചെറുപ്പക്കാർക്ക് രാകേഷ് ഒരു പ്രചോദനമാകട്ടെ- കളക്ടറുടെ എഫ് ബി പോസ്റ്റ് തീരുന്നത് ഇങ്ങനെ.