koodathayi-murder-case

കോഴിക്കോട്: ചികയുന്തോറും കുരുക്കിലേക്ക് നീങ്ങുന്നതായിരുന്നു കൂടത്തായി കൊലപാതക പരമ്പര സംഭവം. ഇതുവരെ മുഖ്യപ്രതി ജോളി, ജോളിക്ക് സയനൈഡ് എത്തിച്ചു നല്കിയ ജുവലറി ജീവനക്കാരൻ എം.എസ് മാത്യു, ഇയാൾക്ക് സയനൈഡ് കൈമാറിയ സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരാണ് അകത്തായത്. എന്നാൽ, കേസന്വേഷണം പുരോഗമിക്കുമ്പോൾ മറ്റുചിലർ കൂടി സംശയ നിഴലിലാണെന്നാണ് അന്വേഷണ സംഘം സൂചന നൽകുന്നത്. തുടക്കം മുതൽ നിരീക്ഷണത്തിലായിരുന്ന ചിലരുടെ പങ്കിനെക്കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചെന്ന വിവരവും പൊലീസ് നൽകുന്നുണ്ട്. മുഖ്യപ്രതി ജോളിയുടെ സ്വത്ത് തട്ടിപ്പ് നീക്കങ്ങളെക്കുറിച്ച് ആദ്യ ഭർത്താവ് റോയിയുടെ സഹോദരങ്ങൾക്ക് തോന്നിയ സംശയവും പരാതിയുമാണ് കൊലപാതക പരമ്പരകളുടെ ചുരുൾ നിവർത്തിയത്.

പൊന്നാമറ്റത്തെ റോയിയുടെയും മാതാപിതാക്കളായ അന്നമ്മ, ടോം തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവും റോയിയുടെ പിതൃസഹോദര പുത്രനുമായ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ ആൽഫൈൻ എന്നിവരുടെ കൊലപാതക വിവരമാണ് പുറത്തുവന്നത്. പരാതി ലഭിച്ച് രണ്ടുമാസക്കാലം ജോളിയെ നിരീക്ഷിച്ചാണ് അന്വേഷണസംഘം ഇവരിലേക്ക് നേരിട്ടുള്ള അന്വേഷണത്തിലേക്ക് കടന്നത്. ഇതുപോലെ ജോളി അറസ്റ്റിലായതിന് ശേഷവും പൊലീസ്, സംശയ പട്ടികയിലുള്ള ചിലരെ സസൂക്ഷ്മം നിരീക്ഷിച്ച് അന്വേഷണത്തിൽ കൃത്യത വരുത്തുകയാണെന്നാണ് ലഭിക്കുന്ന വിവരം. ജോളിയുടെ രണ്ടാംഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ, ജോളിയുടെ സുഹൃത്ത് ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്ന ജോൺസൻ തുടങ്ങിയവരെ പൊലീസ് പലതവണയായി ചോദ്യം ചെയ്തിരുന്നു. ജോളിയുടെ കട്ടപ്പനയിലുള്ള ബന്ധുക്കളെയും പലപ്പോഴായി അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് തങ്ങൾക്ക് ഒരറിവുമുണ്ടായിരുന്നില്ലെന്നാണ് ഇവരെല്ലാം വ്യക്തമാക്കിയത്. ഷാജു, സക്കറിയ എന്നിവരെ ജോളിയുടെ സാന്നിദ്ധ്യത്തിലും അല്ലാതെയും ചോദ്യംചെയ്തിരുന്നു.

കേസിൽ ഇനിയും മറ്റുചിലർ കൂടി വൈകാതെ അറസ്റ്റിലാകുമെന്ന സൂചനയാണ് അന്വേഷണസംഘം ഇപ്പോൾ നല്കുന്നത്. ഇക്കാര്യത്തിൽ തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ സംഭവിച്ച കൊലപാതകങ്ങളെ കുറിച്ചുള്ള കേസ് വെല്ലുവിളിയാണെന്ന് ഡി.ജി.പി തന്നെ വ്യക്തമാക്കിയതാണ്. ഒരു ദൃക്സാക്ഷി പോലുമില്ലാത്ത കേസ് തെളിയിക്കുകയാണ് ഏറെ വെല്ലുവിളി. ഇക്കാര്യത്തിൽ ഓരോ ചുവടും നിയമപരമായ സംശയങ്ങൾ തീർത്തുകൊണ്ടാണ് അന്വേഷണ സംഘം മുന്നേറുന്നത്. ഓരോ കൊലപാതകങ്ങളിലും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തതും വേർതിരിഞ്ഞ് അന്വേഷിക്കുന്നതും ഇതിന്റെ ഭാഗമായാണ്. ഓരോ കൊലപാതകങ്ങളിലും ജോളിയുടെ ആവശ്യങ്ങൾ വ്യത്യസ്തമായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുമ്പോൾ ആ സമയത്ത് അവർ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോയെന്നാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ അവരെയും പ്രതികളാക്കും.

റോയി മരിക്കുകയും പൊന്നാമറ്റത്തെ സ്വത്ത് മുഴുവനായും ലഭിക്കില്ലെന്നുറപ്പാകുകയും ചെയ്തശേഷമാണ് അദ്ധ്യാപകനായ സ്ഥിരവരുമാനമുള്ള ഷാജുവിനെ വിവാഹം ചെയ്യാനുള്ള ആസൂത്രണം ജോളി നടത്തിയത്. ഇതിനായി ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ സയനൈഡ് നല്കികൊന്നു. സിലിയെ കൊലപ്പെടുത്താൻ മൂന്ന് തവണ ശ്രമം നടത്തിയതായാണ് ജോളിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം ഷാജുവിന് അറിയാമായിരുന്നുവെന്നും അവർ മൊഴി നല്കി. എന്നാൽ, ചോദ്യം ചെയ്യലിൽ ഷാജു ഇക്കാര്യം നിഷേധിച്ചു.

ആയുർവേദ മരുന്നിൽ സയനൈഡ് കലർത്തി നല്കി സിലി ആശുപത്രിയിലായപ്പോൾ അപസ്മാര രോഗമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പരിശോധിച്ച ഡോക്ടർ ശരീരത്തിൽ വിഷാംശം കണ്ടെത്തുകയും എന്താണ് കഴിച്ചതെന്ന് ആരായുകയും ചെയ്തു. ആയുർവേദ മരുന്നിനെ കുറിച്ച് പറഞ്ഞപ്പോൾ മരുന്ന് കൊണ്ടുവരാൻ ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ, കൊണ്ടുവന്ന മരുന്നിൽ വിഷാംശം കണ്ടെത്തിയില്ല. സിലിക്ക് നൽകിയ മരുന്നാവില്ല അതെന്നാണ് സംശയം. ഇക്കാര്യങ്ങളിൽ സംശയ നിവാരണം വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതുകൂടി കഴിഞ്ഞാൽ അന്വേഷണത്തിന്റെ മറ്റൊരു നിർണായക ഘട്ടം കൂടി കഴിയുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.