കണ്ണൂർ: സി. എം. പി സ്ഥാപകൻ എം.വി. രാഘവന്റെ ചരമവാർഷികം കണ്ണൂരിൽ ആചരിച്ചത് ഇക്കുറിയും ചേരി തിരിഞ്ഞ്. അരവിന്ദാക്ഷൻ വിഭാഗവും സി..പി ജോൺ വിഭാഗവുമാണ് അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ത അനുസ്മരണചടങ്ങുകൾ സംഘടിപ്പിച്ചത്. സി..പി.എമ്മിൽ ലയിച്ച സി.എം..പി വിഭാഗം മറ്റൊരു പരിപാടിയും സംഘടിപ്പിച്ചു. എം.വി.ആറിന്റെ മൂന്നു മക്കൾ മൂന്നു ചേരിയിലായി പരിപാടികളിൽ പങ്കെടുത്തു.
സി..പി.എമ്മിൽ ലയിച്ച എംവി ആറിന്റെ പിന്തുടർച്ചക്കാർ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം എം.വി. ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. എം.വി .ആറിന്റെ മകൻ എം.വി നികേഷ് കുമാർ പങ്കെടുത്തു..ഇന്നലെ രാവിലെ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. . വൈകിട്ട് സ്റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗത്തിൽ യൂസഫ് തരിഗാമി എം.വി.ആർ പുരസ്‌കാരം സമ്മാനിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജനും പങ്കെടുത്തു. അരവിന്ദാക്ഷൻ വിഭാഗത്തിലുള്ള എം.വി.ആറിന്റെ ഇളയമകൻ എം.വി രാജേഷിന്റെ നേതൃത്വത്തിലുള്ള അനുസ്മരണ പരിപാടികളും പയ്യാമ്പലത്തെ സ്മൃതി മണ്ഡലത്തിലെ പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്. സി.എം.പി പത്താം പാർട്ടി കോൺഗ്രസിന്റെ ചടങ്ങുകൾക്കിടയിലായിരുന്നു പരിപാടി .. യു.ഡി.എഫിനൊപ്പമുള്ള സി.എം.പിയുടെ എം.വി.ആർ അനുസ്മരണം ജനറൽ സെക്രട്ടറി സി.പി ജോൺ ഉദ്ഘാടനം ചെയ്തു. എം.വി.ആറിന്റെ മൂത്ത മകൻ എം.വി .ഗിരീഷ് കുമാർ പങ്കെടുത്തു.