തൃക്കരിപ്പൂർ: ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങളും അനിയന്ത്രിതമായ ഭക്ഷണ രീതികളും മൂലം ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും കേരളം ഇന്ത്യയുടെ ഡയബറ്റിക് കാപ്പിറ്റലായി ഉയർന്നുവെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. തൃക്കരിപ്പൂർ തങ്കയം താലൂക്ക് ആശുപത്രിയിലെ അതിജീവനം ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ ഇവിടെ ഏഴു യൂണിറ്റാണ് പ്രവർത്തിക്കുന്നത്. സമീപ ഭാവിയിൽത്തന്നെ അത് പത്തായി ഉയർത്തുമെന്നും താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ഉടൻ പരിഹരിക്കുമെന്നും ജനങ്ങളുടെ കരഘോഷങ്ങൾക്കിടയിൽ മന്ത്രി ഉറപ്പു നൽകി.
ആശുപത്രികൾ രോഗീ സൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ ഒരു ശതമാനം മാത്രമേ ഇന്ത്യയിൽ ആരോഗ്യ മേഖലയ്ക്കായി അനുവദിക്കുന്നുള്ളൂ, ഇത് അഞ്ചു ശതമാനമായെങ്കിലും ഉയർത്തണം. ആരോഗ്യമുള്ള ജനങ്ങളാണ് ഒരു രാജ്യത്തിന്റെ സമ്പത്തെന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശിശു മരണങ്ങളും മാതൃ മരണങ്ങളും കേരളത്തിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ നിരത്തി മന്ത്രി പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ വി.പി ഫൗസിയ, എം.ടി.പി അബ്ദുൽ ജബ്ബാർ, പി.സി ഫൗസിയ, പി. ശൈലജ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി.സി സുബൈദ, പി.വി പത്മജ, സി. രവി, ഗീത രമേശൻ, കെ.നാരായണൻ, എ.കെ നളിനി, ഡി.എം. ഒ എ.പി ദിനേശ്കുമാർ, ഡി.പി.എം ഡോ. രാമൻ സ്വാതി വാമൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.വി ബാലകൃഷ്‌ണൻ, ടി അഹമ്മദ് ഹാജി, കെ.വി മുകുന്ദൻ, കെ.വി സുധാകരൻ, എം. ഗംഗാധരൻ സംസാരിച്ചു. ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് വി.പി ജാനകി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ജെ.എച്ച് മനോജ് നന്ദിയും പറഞ്ഞു.
തങ്കയം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു.