കാസർകോട്: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ നബിദിനമായ ഇന്ന് ഉപാധികളോടെ ഇളവ് നൽകി. രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കളക്ടർ ഡോ.ഡി. സജിത് കുമാർ ഉപാധികളോടെ ഇളവ് നൽകിയത്.
ഉത്തര മേഖല ഡി.ഐ.ജി സേതുരാമൻ കാസർകോട്ട് ക്യാമ്പ് ചെയ്താണ് ഇന്നലെ രാവിലെ മുതൽ സ്ഥിതിഗതികൾ നിയന്ത്രിച്ചത്. കർശന നിരീക്ഷണവും സുരക്ഷയും ഒരുക്കിയ ജില്ലയുടെ വടക്കൻ അതിർത്തി പൊലീസ് വലയത്തിലാണ്. കേരള-കർണാടക അതിർത്തികളിൽ സായുധ സേനയേയും നിയോഗിച്ചിരുന്നു. ഡിവൈ.എസ്.പിമാർക്ക് പൊലീസ് സ്റ്റേഷന്റെ ചുമതല നൽകിയായിരുന്നു സുരക്ഷ ഒരുക്കിയത്. ആരാധനാലയങ്ങൾക്ക് മുന്നിൽ പൊലീസ് പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്തേര, ഹോസ്ദുർഗ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പൊലീസ് സ്റ്റേഷൻ പരിധികളിൽ നാലുപേരിൽ അധികം കൂട്ടം കൂടുന്നത് തടഞ്ഞിട്ടുണ്ട്. അക്രമം കണ്ടാൽ ഉടൻ വെടിവയ്ക്കാനും ജാമ്യമില്ലാ വകുപ്പ് ചേർത്ത് ഉടൻ ജയിലിലടക്കാനും നിർദ്ദേശം നൽകി.
സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണെന്നും ഇതിനായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ 11ാം തീയതി രാത്രി 12 മണി വരെ തുടരുന്നതാണെന്നും കളക്ടർ അറിയിച്ചു. ആളുകൾ കൂട്ടം കൂടുന്നതും ആയുധം കൈവശം വയ്ക്കുന്നതും പ്രകടനവും പൊതുയോഗവും നടത്തുന്നതും കടുത്ത ശിക്ഷാനടപടികൾക്ക് കാരണമാകും. ജില്ലാ, സംസ്ഥാന കലോത്സവങ്ങളുടെ ഭാഗമായുള്ള പരിപാടികൾക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും കളക്ടർ വ്യക്തമാക്കി.