ganga

തലശ്ശേരി: പ്രമുഖ അഭിഭാഷകനും മനുഷ്യവകാശകമ്മിഷൻ മുൻ അംഗവും സി.പി.എം നേതാവുമായിരുന്ന അഡ്വ. കെ.ഇ. ഗംഗാധരൻ (74) നിര്യാതനായി. തലശേരി ജില്ലാ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ.ഇ. ഗംഗാധരൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം അറസ്റ്റിലായി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു.

പ്രമാദമായ നിരവധി കേസുകളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. പാവങ്ങളുടെ അഭിഭാഷകനായിരുന്നു ഗംഗാധരൻ.
സി.പി.എം ജില്ലാസെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം എ.എൻ. ഷംസീർ എം.എൽ.എ, ജില്ലകമ്മിറ്റി അംഗം അഡ്വ. പി. ശശി, ഏരിയ സെക്രട്ടറിമാരായ എം.സി പവിത്രൻ, കെ. ശശിധരൻ, നഗരസഭ ചെയർമാൻ സി.കെ. രമേശൻ, പി.എം പ്രഭാകരൻ എന്നിവർ ചേർന്ന് മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു. എരുവട്ടി പന്തക്കപ്പാറയിലെ പിണറായി പഞ്ചായത്ത് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ അനുശോചിച്ചു.

പരേതരായ അനന്തന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: അഴീക്കോടൻ രാഘവന്റെയും മീനാക്ഷി ടീച്ചറുടെയും മകൾ സുധ അഴീക്കോടൻ (സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം, റിട്ട. ലൈബ്രേറിയൻ കണ്ണൂർ യൂണിവേഴ്‌സിറ്റി). മക്കൾ: രാഗിത്ത്, നിലോഷ. മരുമകൻ: വിശ്വജിത്ത് (കുവൈറ്റ്).
സഹോദരങ്ങൾ: മോഹനൻ , ജനാർദനൻ (പിണറായി വീവേഴ്‌സ് സൊസൈറ്റി, റിട്ട. സെക്രട്ടറി), വിമല (റിട്ട. അദ്ധ്യാപിക), പരേതനായ വിജയൻ.