കണ്ണൂർ: മൂന്നാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ ശാസ്ത്ര സാങ്കേതിക മേള കണ്ണൂരിൽ ആരംഭിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേളയിൽ 18 കേരള ഗവൺമെന്റ് വകുപ്പുകളും വിവിധ ഏജൻസികളും പങ്കെടുക്കുന്നു. അതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 55 സ്‌കൂളുകളിൽനിന്നായി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പ്രോജക്ട് മത്സരവും ഉണ്ട്. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, തത്സമയ നിർമ്മാണം എന്നീ മൂന്ന് മേഖലകളിലാണ് പ്രധാനമായും മത്സരങ്ങൾ നടക്കുന്നത്. മേളയുടെ ഭാഗമായി ഫാഷൻ എക്‌സ്‌പോയും ഒരുക്കിയിട്ടുണ്ട്. അനുബന്ധമായി നടക്കുന്ന പ്രദർശനം മന്ത്രി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ടെക്‌നിക്കൽ സ്‌കൂളിൽ നടക്കുന്ന മേള ഇന്ന് അവസാനിക്കും. ഉദ്ഘാടനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി സ്വാഗതം പറഞ്ഞു. കണ്ണൂർ നഗരസഭാ കൗൺസിലർമാരായ എൻ. ബാലകൃഷ്ണൻ, എ.പി. അജിത എന്നിവരും പി. ബീന, വി.എ. ഷംസുദ്ദീൻ, എം.സി. പ്രകാശൻ, വി. പുരുഷോത്തമൻ, ബാബു ഗോപിനാഥ് തുടങ്ങിയവരും പ്രസംഗിച്ചു. സമാപന സമ്മേളനം കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ മികച്ച പ്രതിഭകൾക്ക് സമ്മാനം വിതരണം ചെയ്യും.