കാസർകോട്: കർണാടകയിലെ മൽപെയിൽ നിന്ന് കടലിൽ മീൻപിടിക്കാൻ പോയ ഒമ്പതംഗ സംഘത്തിലുണ്ടായിരുന്ന ഒരാൾ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. മൂന്നു പേരെ അവശനിലയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് ജംഗ്ഷൻ പണ്ടകശാലയിലെ തീർത്തുവയുടെ മകൻ ചാർളിയാണ് (53) മരിച്ചത്. കൂടെയുണ്ടായിരുന്ന വർക്കല സ്വദേശി അരോഗ് (60), ഗിൽബർട്ട് (38), കന്യാകുമാരി സ്വദേശി സസദാസർ (54) എന്നിവരെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് ഒമ്പത് പേരടങ്ങുന്ന സംഘം കണ്ണൂർ അഴിക്കലിൽ നിന്ന് മൽപെയിലേക്ക് പുറപ്പെട്ടതെന്ന് ബോട്ടുടമകൂടിയായ ഗിൽബർട്ട് പറഞ്ഞു. ഈ മാസം അഞ്ചിനാണ് മൽപെയിൽ നിന്ന് തിരിച്ചത്.
മൽപെയിൽ നിന്ന് കുടിവെള്ളം സംഭരിച്ചിരുന്നു. വെള്ളം കുടിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഉൾക്കടലിലായതിനാൽ തീരവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. തിങ്കളാഴ്ച പുലർച്ചെ നാല് പേരും ഛർദ്ദിച്ച് അവശരായി. തളങ്കര തീരത്തേക്ക് ബോട്ട് അടുപ്പിച്ച ശേഷം തീരദേശ പൊലീസിന് വിവരം കൈമാറി. അതിനിടെ ചാർലിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂയെന്ന് പൊലീസ് പറഞ്ഞു.