പിലിക്കോട്: കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കായികമേളയിൽ ഒന്നാം ദിവസം ആതിഥേയരായ ചെറുവത്തൂർ മുന്നിൽ. 91 പോയിന്റ് നേടിയ ചെറുവത്തൂരിനു തൊട്ടുപിന്നിൽ 77 പോയിന്റോടെ ചിറ്റാരിക്കലും മുന്നേറുന്നുണ്ട്. 60 പോയിന്റോടെ കാസർകോടാണ് മൂന്നാം സ്ഥാനത്ത്.

51 പോയിന്റ് നേടിയ ചീമേനി ഗവ. ഹയർ സെക്കൻഡറിയുടെ കരുത്തിലാണ് ചെറുവത്തൂർ കുതിപ്പു തുടരുന്നത്. 23 പോയിന്റ് നേടിയ സെന്റ് ജോൺസ് എച്ച്.എസ് പാലാവയൽ സ്‌കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുണ്ട്. 20 പോയിന്റുമായി മാലോത്ത് കസബയാണ് മൂന്നാം സ്ഥാനത്ത്.

74 ഇനങ്ങളിലാണ് മത്സരം. ഏഴു ഉപജില്ലകളിൽ നിന്നുള്ള 2500 കായിക പ്രതിഭകൾ പങ്കെടുക്കുന്നു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി പുഷ്പ രാവിലെ പതാകയുയർത്തി. ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ശൈലജ, കെ. ദാമോദരൻ, ദിലീപ്, മനോജ്, കെ.ജി സനൽ ഷാ, വി.പി രാജീവൻ എന്നിവർ സംസാരിച്ചു. ഇന്നു വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി പുഷ്പ സമ്മാനം വിതരണം ചെയ്യും.

അനീറ്റ തങ്കച്ചൻ,
ഒന്നാം സ്ഥാനം
1500 മീറ്റർ, 3000 മീറ്റർ (സീനിയർ ഗേൾസ് )