കാസർകോട്: നഗരത്തിൽ എത്തി ഭക്ഷണം കഴിക്കാൻ പണമില്ലാതെ ഉച്ചനേരത്ത് വലയുന്നവർക്കായി കേരള പൊലീസ് നടത്തി വരുന്ന "പൊലീസ് അക്ഷയപാത്രം' കാസർകോട്ടും വരുന്നു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക കാബിനിൽ നിന്നും നഗരത്തിൽ എത്തുന്നവർക്ക് പാക്കറ്റിൽ പൊതിഞ്ഞ ഉച്ചഭക്ഷണം കിട്ടും. കണ്ണൂരിലും വടകരയിലും തലശ്ശേരിയിലും കോഴിക്കോട് സിറ്റിയിലും പാവങ്ങൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ തന്നെയാണ് കാസർകോട് നഗരത്തിലും പൊലീസ് അക്ഷയപാത്രം പദ്ധതി തുടങ്ങുന്നത്.

ഉച്ചഭക്ഷണം ശേഖരിച്ചുവയ്ക്കുന്നതിനായി സ്റ്റേഷൻ ഗേറ്റിൽ കാബിൻ പണിതിട്ടുണ്ട്. അതിനകത്ത് ഭക്ഷണം കേടുകൂടാതെ വയ്ക്കുന്നതിന് സൗകര്യം ഏർപ്പെടുത്തും. ഭക്ഷണം ആവശ്യമുള്ളവർക്ക് ഭക്ഷണപ്പൊതി എടുത്ത് കഴിക്കാം. ഭക്ഷണത്തിന്റെ ദുരുപയോഗം കുറക്കുന്നതിന് കാബിനിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കും.

വാട്സാപ്പ് ഗ്രൂപ്പും സന്നദ്ധ സംഘടനകളും വ്യാപാരികളും സഹായിക്കുന്നതിനാൽ തുടങ്ങിയ നഗരങ്ങളിലെല്ലാം അക്ഷയപാത്രം മുടങ്ങാതെ നടന്നു വരുന്നുണ്ട്.

കാസർകോട് പദ്ധതി തുടങ്ങാൻ വ്യാപാരികൾ, ഹോട്ടൽ ഉടമകൾ, പൊതുപ്രവർത്തകർ എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് പൊലീസ് രൂപം നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേകം നിരീക്ഷിക്കും. ഹോട്ടലുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ പൊതിഞ്ഞു നൽകുന്ന ഭക്ഷണമാണ് ഉച്ചക്ക് വരുന്ന ആളുകൾക്ക് നൽകുക. അക്ഷയപാത്രം പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് ഉത്തരമേഖല ഡി.ഐ.ജി സേതുരാമൻ നിർവ്വഹിക്കും.

പണമില്ലാത്തതിന്റെ പേരിൽ വിശക്കുന്ന ആരും നഗരത്തിൽ ഉണ്ടാവാൻ പാടില്ല

ഡിവൈ.എസ്.പി സദാനന്ദൻ

പൊലീസ് അക്ഷയപാത്രം പദ്ധതിക്ക് വേണ്ടി കാസർകോട് പണിത കാബിൻ