knees

ശരീരത്തിലെ വലുതും സങ്കീർണവുമായ സന്ധികളിലൊന്നാണ് കാൽമുട്ടിലെ സന്ധി. ഓടുമ്പോഴും നടക്കുമ്പോഴും പടവുകൾ കയറുമ്പോഴുമെല്ലാം ശരീരഭാരത്തിന്റെ പലമടങ്ങ് ഭാരം മുട്ടുകൾ താങ്ങേണ്ടിവരും. ഇതു മുട്ടിനെ അപകടത്തിലാക്കാം. പൊണ്ണത്തടിയാണ് മുട്ടിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഘടകങ്ങളിലൊന്ന്.

ഒരുവശത്തേക്ക് തുറക്കുന്ന വിജാഗിരിപോലെയുള്ള ഒരു സന്ധിയാണ് കാൽമുട്ട്. തുടയെല്ലും കണങ്കാലിലെ അസ്ഥികളും തമ്മിൽ സന്ധിക്കുന്നു. ഏറ്റവും വലിയ അസ്ഥിയായ തുടയെല്ല് സന്ധിക്കുമുകളിൽ കമാനംപോലെ നിൽക്കുന്നു. സന്ധി രൂപപ്പെടുന്ന ഭാഗത്തെ എല്ലുകളുടെ അഗ്രത്തെ മൂടിയിരിക്കുന്ന മാർദ്ദവമുള്ള ഉപാസ്ഥിയാണ് തരുണാസ്ഥി. ചലിക്കുമ്പോൾ അസ്ഥികൾ തമ്മിലുള്ള ഘർഷണം ഒഴിവാക്കാൻ സഹായിക്കുന്നത് തരുണാസ്ഥിയാണ്. തരുണാസ്ഥിയിൽ തേയ്മാനം സംഭവിക്കുന്നത് വേദനയ്ക്കിടയാക്കും.

മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം ആണ് വേദനയ്ക്കിടയാക്കുന്ന കാരണം. പ്രായമാകുമ്പോൾ സ്വാഭാവികമായി തേയ്മാനമുണ്ടാകാറുണ്ട്. അമിതഭാരം ചുമക്കുക,​ കായികാദ്ധ്വാനം തുടങ്ങിയവയും ഇതിന് കാരണമായി തീരും. മുട്ടുവേദനയ്ക്കിടയാക്കുന്ന മറ്റൊരു കാരണം പരിക്കുകളാണ്. കായികതാരങ്ങളിൽ പരിക്കേൽക്കാനുള്ള സാധ്യത കൂടും. കൂടുതൽ നേരം നിൽക്കുക, തുടർച്ചയായി ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുക, പടികൾ കയറുക, തുടർച്ചയായി നടക്കുക ഇവ മുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.

പുരുഷന്മാരിലും സ്ത്രീകളിലും മുട്ടവേദന ഉണ്ടാകാറുണ്ടെങ്കിലും സ്ത്രീകളിൽ സാധ്യത കൂടുതലാണ്.
ശരീരഭാരം ക്രമീകരിക്കുന്നത് മുട്ടുവേദനയ്ക്ക് അനിവാര്യം. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ഉണ്ടാകണം. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ചെറുമത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഞവര, എള്ള്, പച്ചച്ചീര, കാരറ്റ്, മുരിങ്ങയ്ക്ക, മുരിങ്ങയില, ചേമ്പ്, ചേന, കാച്ചിൽ, മുതിര, വെണ്ട, മത്തൻ, പാടമാറ്റിയ പാൽവിഭവങ്ങൾ ഇവ ഗുണം ചെയ്യും. ഫാസ്റ്റ്ഫുഡ്, വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ കഴിവതും ഒഴിവാക്കുക. വ്യായാമം അമിതമായി ചെയ്യുന്നത് ഗുണകരമാകില്ലെങ്കിലും ചെറുപ്രായത്തിൽത്തന്നെ ലഘുവ്യായാമങ്ങൾ ശീലമാക്കുന്നത് അസ്ഥികൾക്ക് കരുത്തേകും. ക്രമമായുള്ള ചലനം തരുണാസ്ഥിക്ക് ബലമേകുന്നതാണ്.

ഡോ. ശില്പ എം.വി,​

വി.എം ഹോസ്പിറ്റൽ,​

ഗവ. ആശുപത്രിക്ക് സമീപം,​

മട്ടന്നൂർ

ഫോൺ: 9846366000