fish

കണ്ണൂർ: മീനിൽ മാരക രാസവസ്തുക്കളായ ഫോർമാലിനും അമോണിയയും കലർത്തിയിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാനുള്ള കിറ്റ് 25 രൂപയ്‌ക്ക് ലഭ്യമാക്കുമെന്ന് സർക്കാർ പറഞ്ഞത് പാ‌ഴ്‌വാക്കായി. മുംബയ് കമ്പനി നിർമ്മിക്കുന്ന, 12 പേപ്പർ സ്ട്രിപ്പുകളും രാസലായനിയും അടങ്ങിയ ഫിഷ് ടെസ്റ്റ് കിറ്റിന്റെ ​വില 545 രൂപയാണ്.

നൂറോ ഇരുനൂറോ രൂപയ്ക്ക് മീൻ വാങ്ങുന്നവർ 545 രൂപ മുടക്കി കിറ്റ് വാങ്ങില്ല. വില കൂടുതലായതിനാൽ കിറ്റിന് ഡിമാൻഡ് കുറഞ്ഞു. കുറഞ്ഞ വിലയ്‌ക്ക് മെഡിക്കൽ സ്റ്റോറുകൾ വഴി കിറ്റ് ലഭ്യമാക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. അത് നടന്നില്ല. അവശ്യഘട്ടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വാങ്ങുന്ന കിറ്റിന്റെ പോലും പണം സർക്കാർ കൊടുക്കാനുള്ളതിനാലാണ് കിറ്റ് വിതരണം നിലച്ചതെന്നാണ് എറണാകുളത്തെ വിതരണ ഏജൻസി പറയുന്നത്. ഏജൻസി കമ്മിഷൻ വെറും ഏഴ് ശതമാനമാണ്. ഒരു കിറ്റിന് വെറും 38 രൂപ.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിലെ (സിഫ്റ്റ് ) രണ്ട് മലയാളി വനിതാ ഗവേഷകരാണ് പേപ്പർ സ്ട്രിപ്പുകൾ വികസിപ്പിച്ചത്. അതിന്റെ നിർമ്മാണാവകാശം മുംബയിലെ കമ്പനിക്ക് നൽകിയതോടെ സിഫ്റ്റ് നിസഹായമായി.

കിറ്റിന് ഒരു മാസം കാലാവധി

ഒരു കിറ്റിൽ 12 പേപ്പർ സ്ട്രിപ്പും രാസലായനിയും നിറം മാറുന്നത് ഒത്തുനോക്കാനുള്ള കളർചാർട്ടും

അമോണിയയ്ക്കും ഫോർമാലിനും വേവ്വേറെ രാസലായനികൾ

20 സെക്കൻഡിൽ ഫലം അറിയാം.

ഒരു സ്ട്രിപ്പ് ഒറ്റത്തവണയേ ഉപയോഗിക്കാനാവൂ.

കാലാവധി കഴിഞ്ഞാൽ കളർചാർട്ടിലെ നിറങ്ങളൊന്നും പരിശോധനയിൽ കാണില്ല.

അമോണിയ പരിശോധന

സ്ട്രിപ്പ് മീനിന്റെ പുറത്ത് മൂന്നുനാലു പ്രാവശ്യം ഉരസണം

ഇൗ സ്ട്രിപ്പിലേക്ക് എ കുപ്പിയിലെ രാസലായനി ഒരു തുള്ളി ഒഴിക്കുക.

സ്ട്രിപ്പിന്റെ നിറം മാറിയില്ലെങ്കിലോ പച്ച നിറമാണെങ്കിലോ മീനിന് കുഴപ്പമില്ല.

നീല നിറം വന്നാൽ അമോണിയ ഉണ്ട്

നീലനിറം കടുത്താൽ അമോണിയയുടെ അളവ് മാരകം

ഫോർമാലിൻ പരിശോധന

കിറ്റിലെ ബി - കുപ്പിയിൽ എ - കുപ്പിയിലെ ലായനി ഒഴിക്കുക.

രണ്ടു മിനിറ്റ് നന്നായി കുലുക്കി യോജിപ്പിക്കുക.

സ്ട്രിപ്പ് മീനിനു മേൽ മൂന്നുനാലു വട്ടം ഉരസുക.

സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കുക.

നിറം മാറ്റമില്ലെങ്കിലോ മഞ്ഞനിറമോ ആയാൽ മീനിന് കുഴപ്പമില്ല.

നീലയായാൽ മാരകമായ അളവിൽ ഫോർമാലിൻ