കാഞ്ഞങ്ങാട്: നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അവാർഡ് ലഭിച്ചതു വഴി ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നത് 1.20 കോടി രൂപ.
രാജ്യത്തെ ഏറ്റവും നല്ല ജില്ലാ ആശുപത്രിയായാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയെ കമ്മിറ്റി തിരഞ്ഞെടുത്തത്. മൂന്ന് വർഷങ്ങളിലായി നാൽപത് ലക്ഷം രൂപ വീതമാണ് ലഭിക്കുക.
2017ൽ കായകൽപത്തിന്റെ മൂന്നാം സ്ഥാനവും 2018ൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. 2019 ജനുവരിയിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോഴാണ് എൻ.ക്യു.എ.എസിന്റെ സന്ദർശനം വരുന്നത്. മേയ് 9, 10, 11 തിയ്യതികളിൽ പ്രഗൽഭരായ മൂന്ന് ഡോക്ടർമാരടങ്ങുന്ന കേന്ദ്ര പരിശോധനാ സംഘം മൂന്ന് ദിവസം തലങ്ങും വിലങ്ങും പരിശോധന നടത്തിയിട്ടാണ് ഗുണമേന്മ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജയിൽനിന്നും ആശുപത്രി അധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങി.
വികസനപാതയിൽ ജില്ലാ ആശുപത്രി
കഴിഞ്ഞ ഒരു വർഷത്തിനിപ്പുറം ജില്ലാ ആശുപത്രിയിൽ ഐ.പി വിഭാഗത്തിലും ഒ.പി വിഭാഗത്തിലും 30-35 ശതമാനം വർദ്ധനവുണ്ടായി. ജനുവരിയോടെ കാത്ത് ലാബ് സജ്ജമാകും. ഫെബ്രുവരിയോടു കൂടി എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെട്ട അഞ്ചു നില പുതിയ കെട്ടിടത്തിന്റെ വയറിംഗ് പണി പൂർത്തിയാകും. മദ്യത്തിനും ലഹരി മരുന്നിനും അടിമപ്പെട്ടവരുടെ മോചനത്തിന് ഡി അഡിക്ഷൻ സെന്ററും ഉടൻ പ്രവർത്തനം ആരംഭിക്കും.
ഡോക്ടർമാർ തൊട്ട് ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഒരേ മനസ്സോടു കൂടി ആത്മാർത്ഥമായി രംഗത്തിറങ്ങിയതിന്റെ പരിണിതഫലമാണ് ഈ നേട്ടം. ജില്ലാ പഞ്ചായത്ത് ആശുപത്രിക്കു വേണ്ടി ഒത്തിരിയേറെ പദ്ധതികളാണ് ആവിഷ്‌കരിച്ചതും നടപ്പിലാക്കിയതും.
ആശുപത്രി സൂപ്രണ്ട് ഡോ. കെ. അശോകൻ
കായകൽപം അവാർഡ്
2017ൽ മൂന്നാം സ്ഥാനം
2018ൽ രണ്ടാംസ്ഥാനം
2019 ൽ ഒന്നാം സ്ഥാനം