school-athletic-meet
school athletic meet

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കണ്ണൂരിൽ ട്രാക്കുണരാൻ ഒരു നാൾ കൂടി

കണ്ണൂർ: പുതിയ വേഗവും ഉയരവും ദൂരവും കീഴടക്കാൻ കായികപ്രതിഭകൾ നാളെ കണ്ണൂരിലിറങ്ങും. അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന് നാളെ മാങ്ങാട്ട് പറമ്പ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ ടിന്റു ലൂക്കയാണ് ദീപം തെളിക്കുക. അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റിനു ശേഷം വൈകിട്ട് 3.30ന് കായികമന്ത്രി ഇ..പി.. ജയരാജൻ മേള ഉദ്ഘാടനം ചെയ്യും..വിദ്യാഭ്യാസ മന്ത്രി പ്രൊഫ.. സി.. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. പി.ടി. ഉഷ, എം..ഡി.. വത്സമ്മ, ബോബി അലോഷ്യസ് ,ജിസ്ന മാത്യു, വി..കെ. വിസ്മയ എന്നിവർ വിശിഷ്ടാതിഥികളായെത്തും.

3000നാളെരാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെ മേളയ്ക്ക് തുടക്കമാകും. ഒമ്പതിന് സ്റ്റേഡിയത്തിൽ കായികോൽസവ പതാക ഉയരും.. ആദ്യ ദിവസം 18 ഫൈനൽ ഉൾപ്പടെ 30 മത്സരങ്ങളുണ്ടാകും.രണ്ടാം ദിവസം രാവിലെ 6..30ന് സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തോടെയാണ് തുടക്കം.. 23 ഇനങ്ങളിൽ ഫൈനൽ നടക്കും. ജൂനിയർ ആൺകുട്ടികളുടെ നടത്തത്തോടെയാണ് മൂന്നാം ദിനം തുടങ്ങുക. 34 ഫൈനൽ അരങ്ങേറും. സമാപന ദിവസമായ 19ന് രാവിലെ 6..30ന് ആൺകുട്ടികളുടെ ക്രോസ് കൺട്രിയോടെ മത്സരം തുടങ്ങും. 23 ഫൈനലുണ്ട്. സീനിയർ ആൺകുട്ടികളുടെ 4* 400 റിലേയോടെ കായികകോൽസവം സമാപിക്കും.വൈകിട്ട് 5ന് സമാപന പരിപാടി തുടങ്ങും.

മേളയ്ക്ക മുന്നോടിയായി ഇന്നലെ കണ്ണൂർ നഗരത്തിൽ വർണാഭമായ വിളംബര ഘോഷയാത്രയുമുണ്ടായി.

16വർഷത്തിന് ശേഷം

കണ്ണൂർ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്നത് നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ്. സിന്തറ്റിക് ട്രാക്ക് വന്നശേഷമുള്ള ആദ്യ മീറ്റാണിത്. നിരവധി കായികപ്രതിഭകൾക്ക് ജന്മം നൽകിയ കണ്ണൂരിൽ ഭാവി താരങ്ങളുടെ ഗംഭീരപ്രകടനം ഉറപ്പാക്കാനായി മികച്ച നിലവാരമുള്ള ട്രാക്കും ഫീൽഡുമാണ് സജ്ജമാക്കിയിരിക്കുന്നത്.

ഒരുക്കങ്ങൾ ഒാക്കെ

യൂണിവേഴ്‌സിറ്റി ക്യാന്റിന് മുന്നിലായാണ് ഭക്ഷണ പന്തൽ. 600 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിക്കുന്ന മേളയാകുമിത്. വിദ്യാർഥികൾക്കും ഒഫീഷ്യലുകൾക്കുമുള്ള ബാഡ്ജ് അടക്കം പ്ലാസ്റ്റിക് വിമുക്തമാക്കും. താമസ സൗകര്യം 12 സ്‌കൂളുകളിലായി ഒരുക്കി. ഇതിനായി മുപ്പതോളം സ്‌കൂൾ ബസ്സുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. ടി. വി.. രാജേഷ് എം.. എൽ. എ ചെയർമാനായ സംഘാടക സമിതിയും 19 സബ് കമ്മിറ്റിയുമാണ് കായികോൽസവത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.

ഹാമറിന് സുരക്ഷ

പാലായിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹാമർ ത്രോ മത്സരത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് കായികമന്ത്രി ഇ. പി. ജയരാജൻ നിർദേശം നൽകിയിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ മാനദണ്ഡ പ്രകാരമുള്ള രീതിയിലാണ് ഹാമർ കേജ് ഉയർത്തിയത്. 100 മീറ്റർ സ്റ്റാർട്ടിങ് പോയിന്റിനടുത്താണ് ഹാമർ കേജ്. ഇതിന് സമീപമാണ് ജാവലിൻ ത്രോ ഗ്രൗണ്ടും. ഹാമർ ത്രോ നടക്കുന്ന സമയത്ത് ജാവലിൻത്രോ മത്സരമുണ്ടാവില്ല. 100 മീറ്റർ ഫിനിഷിംഗ് ലൈനിന് സമീപത്താണ് ഡിസ്‌ക്കസ്, ഷോട്ട്പുട്ട് ഗ്രൗണ്ടുകൾ.

ഇനങ്ങൾ 96

കായികതാരങ്ങൾ- 2500

ചട്ടപ്പടി സമരം ട്രാക് തെറ്റിക്കുമോ?​

അതേ സമയം കായികാദ്ധ്യാപകർ സംസ്ഥാന വ്യാപകമായി തുടരുന്ന ചട്ടപ്പടി സമരം മേളയെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. ജില്ലാ കായികമേളകളിൽ കായികാദ്ധ്യാപകരുടെ സമരം ശക്തമായിരുന്നു. പിന്നീട് അദ്ധ്യാപകർ മേളയുമായി സഹകരിച്ചെങ്കിലും മെല്ലെപ്പോക്ക് കാരണം മത്സരങ്ങൾ താളം തെറ്റിയിരുന്നു. ഇതേ തുടർന്ന് കണ്ണൂരിലെ മൂന്നു മത്സരങ്ങൾ പിറ്റേ ദിവസത്തേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാന സ്കൂൾ കായികമേളയുമായി സഹകരിക്കില്ലെന്ന നിലപാടിൽ നിന്ന് കായികാദ്ധ്യാപകർ ഇനിയും മാറിയിട്ടില്ല.മേള നടക്കുന്ന വേദിയിലേക്ക് പ്രതിഷേധപ്രകടനം നടത്താനുള്ള തീരുമാനവും അവർ അറിയിച്ചിട്ടുണ്ട്. കായിക വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ മീറ്റിന് കനത്ത പൊലീസ് സുരക്ഷയുമൊരുക്കിയിട്ടുണ്ട്.


കായികാദ്ധ്യാപകരുടെ ബഹിഷ്കരണ ഭീഷണിയുണ്ടെങ്കിലും മേളയുടെ നടത്തിപ്പിന് തടസ്സമാകില്ല. എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്.

ഡോ. പി ടി ജോസഫ്

സംഘാടക സമിതി വൈസ് ചെയർമാൻ