കാഞ്ഞങ്ങാട്: മൂന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മഞ്ഞംപൊതിക്കുന്നിൽ പതിച്ചു നൽകിയ പതിനാലര ഏക്കർ ഭൂമി സർക്കാർ തിരിച്ചെടുക്കുന്നു. ഇതിന്റെ മുന്നോടിയായി ഭൂമി ലഭിച്ചവർക്ക് നോട്ടീസ് അയച്ചു തുടങ്ങി.
നിലവിൽ അജാനൂർ, ബല്ല വില്ലേജുകളില ഭൂമിയാണ് തിരിച്ചെടുക്കുന്നത്. 1982 മുതലാണ് സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർക്ക് സർക്കാർ അര ഏക്കർ ഭൂമി വീതം പതിച്ചു നൽകിയത്. അജാനൂർ വില്ലേജിൽ റി.സ. നമ്പർ 506/1 ൽപെട്ട ഭൂമിയാണ് പതിച്ചു നൽകിയത്. 9 പേർക്കാണ് അജാനൂർ വില്ലേജ് അധികൃതർ നോട്ടീസ് അയച്ചത്. ബല്ല വില്ലേജിൽ 12 പേർക്കു നോട്ടീസ് നൽകി.
ഭൂമി പതിച്ചുവാങ്ങിയവർ, അതപ്പാടെ മറിച്ചുവിൽക്കുകയായിരുന്നു. ഇതു വാങ്ങിയവരാണിപ്പോൾ വെട്ടിലായത്.
ഇവർ ജില്ലാ കളക്ടറെ സമീപിച്ചിട്ടുണ്ട്.
നോട്ടീസ് ഇങ്ങനെ
പതിച്ചു കിട്ടിയ ഭൂമിയിൽ വീടോ മറ്റു ഉപയോഗങ്ങളോ ഇക്കാലമത്രയും ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഭൂമി തിരിച്ചുപിടിക്കുകയാണെന്നും, ആയതിൽ ആക്ഷേപാഭിപ്രായം ഉണ്ടെങ്കിൽ ഈ മാസം 30 ന് ഹൊസ്ദുർഗ് തഹസിൽദാരെ രേഖാമൂലം അറിയിക്കണമെന്നുമാണ് നോട്ടീസ്. തഹസിൽദാർ മുമ്പാകെ ഹാജരാകാത്ത പക്ഷം, വിഷയത്തിൽ ആക്ഷേപമില്ലെന്ന നിഗമനത്തിൽ പട്ടയം റദ്ദാക്കുന്നതാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റെടുക്കുന്നത് ടൂറിസം പദ്ധതിക്കായി
പ്രകൃതിരമണീയത കളിയാടുന്ന മഞ്ഞംപൊതിക്കുന്നിൽ ടൂറിസം പദ്ധതിക്ക് ആലോചന. ഇരുപത്തഞ്ച് ഏക്കർ ഭൂമിയിൽ എയർ സ്ട്രിപ്പ് ഉൾപ്പെടെ കൊണ്ടുവരാനാണ് പദ്ധതി തയ്യാറാക്കുന്നത്. കുന്നിന്റെ ഉച്ചിയിൽ നിന്ന് അറബിക്കടൽ ഉൾപ്പെടെ ഭംഗിയായി കാണാൻ കഴിയും. പ്രാഥമിക ആലോചനകൾക്കായി മന്ത്രിയും ജില്ലാ കളക്ടറും മറ്റും മഞ്ഞംപൊതിക്കുന്ന് സന്ദർശിച്ചിരുന്നു. തിരിച്ചുപിടിക്കുന്ന 14.5 ഏക്കർ ഭൂമി കൂടി ഉൾപ്പെടുത്തിയാണ് 25 ഏക്കറിൽ ടൂറിസം പദ്ധതി വരുന്നത്.