കാഞ്ഞങ്ങാട്: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഫൊറോന 15, 16, 17 തീയതികളിൽ നടത്തുന്ന വാഹന ജാഥയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊറോന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സീറോ മലബാർ സഭാ വക്താവ് സിജോ അമ്പാട്ട് നയിക്കുന്ന ജാഥ 15 ന് വൈകുന്നേരം മൂന്നിന് കാഞ്ഞങ്ങാട് ടൗണിൽ ഇൻഫാം ദേശീയ ചെയർമാൻ മോൺ ജോസഫ് ഒറ്റപ്ലാക്കൽ ഉദ്ഘാടനം ചെയ്യും. 22 ന് കാഞ്ഞങ്ങാട്ട് കർഷകരുടെ സായാഹ്ന ധർണയും അമ്മമാർ കണ്ണീർ കഞ്ഞിയും വെയ്ക്കും. ഡിസംബർ ഒൻപതിന് കണ്ണൂരിൽ നടക്കുന്ന കർഷക സമ്മേളനത്തിന്റെ ഭാഗമായി
കാർഷിക രംഗത്തെ യുവജനങ്ങൾ ബൈക്ക് റാലി സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ഫാ. മാത്യു പരവരാകത്ത്, ഫാ. തോമസ് തയ്യിൽ, സിജോ അമ്പാട്ട്, ഡാന്റിസ് മുല്ലപ്പള്ളി എന്നിവർ പങ്കെടുത്തു.