പയ്യന്നൂർ: ജനവിരുദ്ധ പദ്ധതികൾക്കു വേണ്ടി നെൽവയൽ നിയമം സർക്കാർ അട്ടിമറിക്കുകയാണെന്ന് സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ പറഞ്ഞു. നിർദ്ദിഷ്ട കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി പയ്യന്നൂർ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നെൽവയലുകൾ ഇല്ലാതാവുകയാണ്. 9 ലക്ഷം ഹെക്ടറിൽ നിന്ന് 1.5 ലക്ഷത്തിലേക്ക് ചുരുങ്ങി. നെൽവയലുകൾ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ 2008ൽ ഉണ്ടാക്കിയ നിയമത്തെ അട്ടിമറിച്ച് വയൽ നികത്താൻ കൂട്ടുനിൽക്കുകയാണ്. പെട്രോളിയം ഉപേക്ഷിക്കാൻ ലോകം തീരുമാനിക്കുമ്പോൾ 86 ഏക്കർ നെൽവയൽ പെട്രോളിയം പദ്ധതിക്ക് വിട്ടുകൊടുക്കാൻ ഇടതു പക്ഷ സർക്കാർ തീരുമാനിക്കുന്നത് എന്തിന്റെ പേരിലാണെന്നും അദ്ദേഹം ചോദിച്ചു. മുസ്ലീം ലീഗ് നേതാക്കളായ വി.കെ അബ്ദുൾ ഖാദർ മൗലവി, അഡ്വ. അഹമ്മദ് മണിയൂർ, കെ.ടി സഹദുള്ള, എം. അബ്ദുള്ള, എം. ബഷീർ, വി.കെ.പി ഇസ്മയിൽ തുടങ്ങിയവരും സംബന്ധിച്ചു.