sdpi

തലശ്ശേരി: അയോദ്ധ്യ വിധിക്കെതിരെ ലഘു ലേഖ വിതരണം ചെയ്യുന്നതിനിടെ ആയുധങ്ങളുമായി രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് പിടികൂടി. തോട്ടുമ്മൽ ഉമ്മൻചിറ സ്വദേശി അച്ച് വീട്ടിൽ വി.സി. താജുദ്ദീൻ (34) കിഴക്കുംഭാഗം സ്വദേശി ഇൻഷാദ് ( 25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് കഠാരകൾ പിടിച്ചെടുത്തു. കതിരൂർ അഞ്ചാം മൈൽ ജുമാ അത്ത് പള്ളിക്ക് സമീപം ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം.

പിടികൂടിയത് ഭീകര പ്രവർത്തകർ ഉപയോഗിക്കുന്ന വിദേശ നിർമ്മിത കഠാരയാണെന്ന് പൊലീസ് പറഞ്ഞു. ഇത് ഓൺലൈനായി വാങ്ങിയതെന്നാണ് പ്രതികൾ പറയുന്നത്. തോക്കിന്റെ മാതൃകയുള്ളതാണ് കഠാര. കാഞ്ചി വലിച്ചാൽ സ്പ്രിംഗ് പ്രവർത്തിച്ച് മൂർച്ചയുള്ള ഭാഗം ശരീരത്തിലേക്ക് തുളഞ്ഞുകയറും.

ഉച്ചയ്‌ക്ക് പള്ളിയിൽ നിസ്‌കാരത്തിനെത്തിയവർക്ക് റോഡിൽ വച്ച് ഇരുവരും ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു. തലശ്ശേരി മേഖലയിലെ വിവിധ പള്ളികളിൽ ഇവർ സുപ്രീംകോടതി വിധിക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.