കണ്ണൂർ: സ്വകാര്യ ബസുകളുടെ സ്റ്റോപ്പുകൾ തലങ്ങും വിലങ്ങും മാറ്റിയ അധികൃതർ ഓട്ടോ റിക്ഷകളുടെ കാര്യത്തിൽ കണ്ണടയ്‌ക്കുന്നു. നഗരത്തിൽ ഓട്ടോ പാർക്കിംഗ് അനുവദിച്ചിട്ടില്ലാത്തിടത്തും നോ പാർക്കിംഗ് മേഖലകളിലുമാണ് അപ്രഖ്യാപിത ഓട്ടോ സ്റ്റാൻഡുകൾ തുടരുന്നത്. ഏറ്റവുമധികം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കക്കാട് ജംഗ്ഷനിലാണ് റോഡിന്റെ ഇരു ഭാഗത്തുമായി ഓട്ടോകൾ നിറുത്തിയിടുന്നത്. ഇതോടെ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനും സാധിക്കുന്നില്ല. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ അനാസ്ഥയാണ് അനധികൃത പാർക്കിംഗിന് ഇടയാക്കുന്നത്.
താലൂക്ക് ഓഫീസിന് മുന്നിലാണ് മറ്റൊരു അപ്രഖ്യാപിത ഓട്ടോ സ്റ്റാൻഡ്. ഇവിടെ ഇരു ഭാഗത്തും ബസുകൾക്ക് സ്റ്റോപ്പുണ്ട്. ഇതിനിടയിൽ തലങ്ങും വിലങ്ങും ഓട്ടോ നിറുത്തുന്നതാണ് ദുരിതമാകുന്നത്. വൈദ്യുത ഭവന് മുന്നിലെ ഓട്ടോക്കാരുടെ കൈകടത്തലാണ് ജനങ്ങൾക്ക് ദുരിതമുണ്ടാക്കി ബസ് സ്റ്റോപ്പ് തന്നെ മാറ്റാൻ കാരണം. പഴയ ബസ് സ്റ്റാൻഡിന് അടുത്തുള്ള കാർഗിൽ റോഡ് തുടങ്ങുന്ന ഭാഗത്തെ ഓട്ടോ സ്റ്റാൻഡും നിയമപരമായി അനുവാദം ഉള്ളതല്ലെന്ന് ട്രാഫിക് പൊലീസ് പറയുന്നു. പലരും നിറുത്തിയിടാൻ തുടങ്ങിയതോടെ ഇവിടെ ഓട്ടോകളുടെ ക്യൂ കൂടി വരുന്നുണ്ട്. ട്രാഫിക് പൊലീസിന്റെ മൂക്കിന് താഴെയാണ് ഈ സ്ഥലം.
എ.കെ.ജി ആശുപത്രിക്കടുത്തുള്ള കമ്പ്യൂട്ടർ കെയറിന് സമീപവും ചെട്ടിപീടിക ജംഗ്ഷനിലും ഇതേ രീതിയിൽ അനധികൃത പാർക്കിംഗുണ്ട്. ഇവിടെ നോ പാർക്കിംഗ് ബോർഡിന് തൊട്ടുതാഴെ തന്നെ ഓട്ടോകൾ പാർക്ക് ചെയ്യുകയാണ്.