കണ്ണൂർ: സംസ്ഥാന കായികോൽസവത്തിന്റെ ആദ്യ നാൾ തന്നെ വിഭവസമൃദ്ധം. ഇന്നലെ ഉച്ചയ്‌ക്ക് ഭക്ഷണത്തിനൊപ്പം അയക്കൂറ ഫ്രൈയും അതിഥിയായെത്തി. 500 കിലോ അയക്കൂറയാണ് ഇതിനായി കൊണ്ടുവന്നത്.
രാവിലെ പുട്ടും കടലയും മുട്ടയും പഴവും പാലും നൽകിയപ്പോൾ ഉച്ചയ്‌ക്ക് സാമ്പാർ, കാളൻ, പച്ചടി, മോര് , ചെറുപയർ വറുത്തത് ഉൾപ്പടെയുള്ള സദ്യയാണ് ഒരുക്കിയത്. 600 രൂപ വിലയുണ്ട് ഒരു കിലോ അയക്കൂറയ്‌ക്ക്. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ആദ്യമായാണ് മീൻ ഫ്രൈ സംഘാടകർ ഒരുക്കിയത്. വൈകീട്ട് ചായയും പലഹാരവും രാത്രി ഇറച്ചിക്കറിയടക്കം ചോറ്. ഒന്നിനും ഒരു കുറവ് വരുത്തേണ്ടെന്നാണ് സംഘാടകർ സദ്യയൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിക്ക് നൽകിയ നിർദ്ദേശം. ജില്ലാ പഞ്ചായത്ത് മെമ്പർ പി പി ഷാജർ ചെയർമാനായും കെ.കെ പ്രകാശൻ കൺവീനറുമായുള്ള ഫുഡ് കമ്മിറ്റിക്കാണ് ഭക്ഷണ ചുമതല.
ഇന്ന് രാവിലെ മുട്ട, ഇടിയപ്പം സ്റ്റൂവും പിന്നെ പഴം, പാൽ, മുട്ട, ഉച്ചയ്ക്ക് പായസമുൾപ്പെടെയുള്ള സദ്യ. രാത്രി ചിക്കൻ ചോറ്. തിങ്കളാഴ്ച രാവിലെ ഇഡ്ഡലിയും സാമ്പാറും, പഴം, പാൽ, മുട്ട, ഉച്ചക്ക് പായം ഉൾപ്പെടെയുള്ള സദ്യ. രാത്രി ബീഫും ചോറും. 2017ൽ സംസ്ഥാന കായികോത്സവത്തിന് അനുവദിച്ച 18,29,472 രൂപയാണ് ഇക്കുറിയും അനുവദിച്ചത്. നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 14000 പേർ ഭക്ഷണം കഴിക്കാനെത്തുമെന്നാണ് സംഘാടകർ പറയുന്നത്.