തലശ്ശേരി: ഭർത്താവ് പരാതി നൽകിയതിനെ തുടർന്ന് ഭാര്യയുടെ രണ്ടാം വിവാഹം കുടുംബ കോടതി ജില്ലാ ജഡ്ജ് ശങ്കരൻ നായർ താൽക്കാലികമായി തടഞ്ഞു. ഞായറാഴ്ച നടത്താൻ നിശ്ചയിച്ച വിവാഹമാണ് കോടതി വിലക്കിയത്.
കണ്ണൂർ കണ്ണാടി പറമ്പിലെ കൃഷ്ണദാസ് നിലയത്തിൽ കെ.കൃഷ്ണദാസ് അഡ്വ.വി.ജയകൃഷ്ണൻ മുഖേന സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.
പരാതിക്കാരൻ 2004 ഫെബ്രുവരി 23 ന് നി ട്ടൂർ തെരുവിലെ ഗംഗയിൽ രേഷ്മയെ വിവാഹം കഴിച്ചത്.ഈ ബന്ധത്തിൽ പതിനാല് വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്.വിദേശത്തായിരുന്ന പരാതിക്കാരൻ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയപ്പോഴാണ് ഭാര്യ നിലവിലെ വിവാഹ ബന്ധം നിലനിൽക്കെ ആംബുലൻസ് വാൻ ഡ്രൈവറായ രാജേഷുമായി വിവാഹം നടത്താൻ തീരുമാനിച്ചതായി വിവരം ലഭിച്ചതെന്നുമാണ് ഹരജിയിൽ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് കൃഷ്ണദാസ് ധർമ്മടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.