പാനൂർ: സ്ക്കൂളിലേക്കുള്ള ഓട്ടത്തിനിടയിൽ ഇന്നത്തെ കുട്ടികൾ ജിവിക്കാൻ മറക്കുകയാണെന്ന് കഥാകൃത്ത് യു.കെ.കുമാരൻ പറഞ്ഞു.വിദ്യാരംഗം കലാ സാഹിത്യ വേദി കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം ചോതാവൂർ സ്ക്കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.

ക്ലാസ് മുറികളിൽ മാത്രമൊതുങ്ങുന്നവിദ്യാർത്ഥി അയൽക്കാരെ പോലും അറിയുന്നില്ല. വീട്ടിൽ നിന്ന് ക്ലാസ് മുറി വരെയാണ് അവരുടെ ലോകം. കുട്ടികളുടെ അന്തർമുഖത്വം മാറ്റിയെടുക്കാൻ വായനയ്‌ക്കും സർഗോത്സവം പോലുള്ള കലാപരിപാടികൾക്കും സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ അദ്ധ്യക്ഷത വഹിച്ചു.അമ്മക്കഥകൾ എന്ന പുസ്തക പ്രകാശനവും യു.കെ.കുമാരൻ നിർവഹിച്ചു.എ.സുഗുണൻ പുസ്തകം സ്വീകരിച്ചു.എ.ഇ.ഒ എബ്രഹാം ജോസഫ്, പ്രിൻസിപ്പൽ സി.മീര, വിദ്യാരംഗം കോഡിനേറ്റർ എം.കെ വസന്തൻ എന്നിവർ പ്രസംഗിച്ചു.