കാഞ്ഞങ്ങാട്: അറുപതാമത് കേരള സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കളും ഒഫീഷ്യൽസും ഉപയോഗിക്കുക കടലാസ് നിർമ്മിത വിത്ത് പേനകൾ. ഇതിനായി കാഞ്ഞങ്ങാട്ടെ 'നമ്മള് സൗഹൃദ കൂട്ടായ്മ' ആയിരം വിത്ത് പേനകൾ നൽകി.ഇതോടെ പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന മേളയിൽ പേനയും ഹരിത ചട്ടം പാലിക്കും. ടൗൺ ഹാളിൽ നടന്ന കലോത്സവത്തിന്റെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് കമ്മി​റ്റി യോഗത്തിൽ നമ്മള് കൂട്ടായ്മ പ്രതിനിധികൾ വിത്ത് പേന സംഘാടക സമിതിക്ക് കൈമാറി.
വിത്ത് പേനയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മള് കൂട്ടായ്മയിലെ സി.പി.ശുഭ വിശദീകരിച്ചു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ വി.പി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.വി രമേശൻ, കൺവീനർ കെ.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. മറ്റ് പേനകൾ ഉപയോഗ ശേഷം വലിച്ചെറിയുന്നത് പ്രകൃതിക്ക് ദോഷമായി മാറുമ്പോൾ പൂർണ്ണമായും കടലാസ് ഉപയോഗിച്ച് കൊണ്ട് നിർമ്മിച്ച വിത്ത് പേനകൾ ഉപയോഗ ശേഷം പ്രകൃതിക്ക് ഉപകാരപ്രദമായി മാറുന്നു. വലിച്ചെറിഞ്ഞാലും വിത്തുകൾ മുളച്ച് മരമായി വളരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.'ആയിരം വിത്ത് പേനകൾ ആയിരം തണലുകൾ, അറുപതാമത് കലോത്സവത്തിലൂടെ' എന്ന സന്ദേശത്തിലൂന്നിയാണ് 'നമ്മള്' കൂട്ടായ്മ ഈ ഉദ്യമം ഏറ്റെടുത്തത്.